നയിക്കാൻ യുവ നേതൃത്വം
പി എ മുഹമ്മദ് നഗർ ജില്ലയിലെ പാർടിയെ നയിക്കാൻ യുവ നേതൃത്വം. സിപിഐ എം വയനാട് ജില്ലാ കമ്മിറ്റിയുടെ പതിനാറാമത് ജില്ലാ സമ്മേളനത്തിലാണ് മുപ്പതിയാറുകാരനായ കെ റഫീഖ് ജില്ലാ സെക്രട്ടറിയാകുന്നത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ തുടങ്ങിയ പൊതുപ്രവർത്തനത്തിലൂടെയാണ് പാർടിയുടെ അമരത്തേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലയിൽ പാർടി സെക്രട്ടറിയാകുന്ന ആദ്യ വ്യക്തിയാണ്. വയനാട്ടിലെ പാർടിയുടെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയുമായി. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ഉജ്വല നേതൃത്വമായി വളർന്നാണ് സിപിഐ എം ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടറിയറ്റിലേക്കുമെത്തിയത്. വയനാട്ടിൽനിന്ന് എസ്‌എഫ്‌ഐയുടെ കേന്ദ്രകമ്മിറ്റിയിലെത്തിയ ആദ്യ വ്യക്തിയാണ്. കലിക്കറ്റ് സർവകലാശാല യൂണിയന്റെ ജനറൽ സെക്രട്ടറിയുമായി. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. സമരങ്ങളുടെ ഭാഗമായി 36 ദിവസം ജയിൽവാസം അനുഭവിച്ചു. വിദ്യാർഥി നേതാവായിരിക്കെ മുസ്ലിം തീവ്രവാദ സംഘടനയായിരുന്ന എൻഡിഎഫിന്റെ പ്രവർത്തകരിൽനിന്ന് മർദനമേറ്റു. പൊലീസ് മർദനങ്ങൾക്കും പലതവണ ഇരയായി. യുവനേതൃത്വം പാർടിയുടെ കുതിപ്പിന് കൂടുതൽ ഊർജമാകും. പുതിയ കാലത്തിന്റെ പോരാട്ടങ്ങൾ വേഗത്തിൽ ഏറ്റെടുത്ത് കുതിക്കാനാകും. ബഹുജന പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിൽക്കുമ്പോൾതന്നെ കായിക രംഗത്തും മികവുറ്റ നേതൃത്വമായി. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റായി തിളക്കമാർന്ന പ്രകടനം നടത്തി. ജില്ലയിൽ ആദ്യമായി സംസ്ഥാന അണ്ടർ 20 ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായി വയനാട് ഓവറോൾ ചാമ്പ്യന്മാരായി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റാൻഡിങ് കൗൺസിൽ അംഗം, കൗൺസിൽ അംഗം എന്നീ നിലകളിലും ജില്ലയുടെ കായികമേളയുടെ വളർച്ചക്കായി പ്രവർത്തിച്ചു. Read on deshabhimani.com