ജംമ്പേ ഡ്രമ്മിൽ താളമടിച്ച്‌ വേലൂക്കരക്കുന്നിലെ കലാകാരൻമാർ



മാനന്തവാടി കല്ലിലും പലകയിലും താളംപിടിച്ച വേലൂക്കരക്കുന്ന് സങ്കേതത്തിലെ കലാകാരൻമാർ ഇനി ജംമ്പേ ഡ്രംസിൽ താളം അഭ്യസിക്കും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ശ്യാം റോക്ക് ഫൗണ്ടേഷനാണ് ഇവർക്ക് സൗജന്യമായി വാദ്യോപകരണങ്ങൾ നൽകിയത്. സ്വന്തമായൊരു ചെണ്ട എന്ന ആഗ്രഹം കൈയെത്താ ദൂരത്താണെന്ന്‌ കരുതി കല്ലിലും പലകയിലും താളംപിടിച്ച് കൊണ്ടിരുന്ന വേലൂക്കരകുന്നിലെ കുട്ടികളുടെ സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. യുട്യൂബിനെയും മറ്റു സോഷ്യൽ മീഡിയകളെയും ഗുരുസ്ഥാനത്ത് നിർത്തി ചെണ്ടയുടെ ബാലപാഠങ്ങൾ സ്വയം പഠിച്ചെടുത്തവരാണ്  വേലൂക്കരയിലെ ഗോത്ര കൂട്ടുകാർ. ചെറുപ്പം മുതൽക്കേ ഊരിലെ കുട്ടികൾ കല്ലിലും മരത്തടികളിലും താളം പിടിക്കുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചെങ്കിലും പുറത്തുനിന്ന്  ചെണ്ട  വാങ്ങിച്ച്‌ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇവർക്കില്ലായിരുന്നു. എന്നാലും തോറ്റുപിന്മാറാതെ ചെത്തി മിനുക്കിയ കോലുകൾ ഉപയോഗിച്ച് ഇരിക്കാൻ ഉപയോഗിക്കുന്ന പലകയിൽ കൊട്ടി പഠിച്ചുതുടങ്ങി. അവശ്യ ഘട്ടങ്ങളിൽ യുട്യൂബിന്റെയും മറ്റ് ഇന്റർനെറ്റ് മീഡിയകളുടെയും സാഹചര്യം ഉപയോഗപ്പെടുത്തി. ചെണ്ടയുടെ ബാലപാഠങ്ങൾ സ്വയം പഠിച്ചു തുടങ്ങിയപ്പോൾ കൂടുതൽ അറിയാനും പഠിക്കാനും അവർക്ക്‌ താൽപ്പര്യം ജനിച്ചു. കല്ലിലും മരത്തടിയിലുമുള്ള ഗോത്രതാളം സോഷ്യൽ മീഡിയയിലൂടെയാണ് പുറംലോകമറിഞ്ഞത്. ഇതിന് നിമിത്തമായതാകട്ടെ ജില്ലാ പഞ്ചായത്ത് അംഗം ജുനൈദ് കൈപ്പാണിയും. ആഫ്രിക്കൻ സംഗീതോപകരണമായ ജംമ്പേ ഡ്രംസിന് പുറമേ ബൂം വാക്കേഴ്സ്, ടാമ്പറിൻസ്, ഷേക്കേഴ്സ് എന്നിവയും കണിയാരം സ്‌കൂളിൽ നടന്ന ചടങ്ങിൽ കൈമാറി. വെള്ളമുണ്ട  പഞ്ചായത്തംഗം തോമസ്, എൻ പി മാർട്ടിൻ, വി കെ തുളസിദാസ് എന്നിവർ സംബന്ധിച്ചു.     Read on deshabhimani.com

Related News