കുട്ടികൾക്ക് അനുഭവസമ്പന്നമായ 
ഇടങ്ങൾ ഒരുക്കും: മന്ത്രി ഒ ആർ കേളു



  തേറ്റമല വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അനുഭവസമ്പന്നമായ ഇടങ്ങൾ ഒരുക്കുമെന്ന്‌ മന്ത്രി ഒ ആർ കേളു പറഞ്ഞു.  പ്രീ പ്രൈമറി  വർണക്കൂടാരം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം  തേറ്റമല ഗവ. ഹൈസ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികൾക്ക് കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും വളരാനുള്ള ഇടമാണ് വർണക്കൂടാരത്തിലൂടെ സാധ്യമാകുന്നത്. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കാൻ വർണക്കൂടാരത്തിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കും. പ്രീ പ്രൈമറികളെ മനോഹരവും ആകർഷകവുമാക്കുന്ന പദ്ധതി ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലും ഉടൻ യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരളം (എസ്എസ്‌കെ) സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി ബിആർസി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ വർണക്കൂടാരം ഒരുക്കിയത്.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി അധ്യക്ഷനായി. എസ്എസ്‌കെ  വയനാട് ഡിപിസി വി അനിൽകുമാർ പദ്ധതി വിശദീകരിച്ചു. തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ കെ ശങ്കരൻ, ജില്ലാ പഞ്ചായത്ത്  അംഗം കെ വിജയൻ, കെ വി വിജോൾ, പി പി മൊയ്തീൻ,  ബിപിസി കെ കെ സുരേഷ്, കെ അബ്ദുൾ നാസർ, ഹെഡ്മാസ്റ്റർ മനോജ് മാത്യു, പി കെ ഉസ്മാൻ, സി കെ ഫൗസിയ, നൗഫൽ കേളോത്ത്, ആയിഷ റിൻഷ എന്നിവർ സംസാരിച്ചു.  കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.  Read on deshabhimani.com

Related News