കടുവാഭീതിയിൽ മാനന്തവാടിയും തൃശിലേരിയും
മാനന്തവാടി മാനന്തവാടി എരുമത്തെരുവ് ഗ്യാസ് ഏജൻസി റോഡിലും തൃശിലേരി കൈതവള്ളിയിലും കടുവയുടെ കാൽപ്പാടുകൾ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. തൃശിലേരി കൈതവള്ളി മഠം ശ്രീനിവാസന്റെ വീടിന് സമീപത്താണ് തിങ്കൾ വൈകിട്ടോടെ കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് പരിശോധന നടത്തുകയും കാൽപ്പാട് സ്ഥിരീകരിക്കുകയുംചെയ്തു. ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെയും പന്നികളുടെയും ശല്യം രൂക്ഷമാണ്. കൃഷി ഉൾപ്പെടെ വ്യാപകമായി നശിപ്പിക്കുകയാണ്. മാനന്തവാടി നഗരത്തിൽനിന്ന് രണ്ട് കിലോമീറ്ററോളം മാറി എരുമത്തെരുവ് -ഗ്യാസ് ഏജൻസി റോഡിൽ അമ്പലക്കാട്ടിലേക്ക് പോകുന്ന വഴിയിലാണ് കടുവയുടെ കാൽപ്പാടുകൾ ബുധൻ രാവിലെ പ്രദേശവാസികൾ കണ്ടെത്തിയത്. തുടർന്ന് വനപാലക സംഘത്തെ വിവരമറിയിച്ചു. പ്രദേശത്ത് വനപാലകരും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും പരിശോധന നടത്തി. കടുവയുടെ കാൽപ്പാട് കണ്ട പ്രദേശങ്ങളിലും പരിസരങ്ങളിലും രാത്രികാല പട്രോളിങ് നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആർആർടി സംഘമുൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. Read on deshabhimani.com