സിപിഐ എം മീനങ്ങാടി ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം
പി ടി ഉലഹന്നാൻ നഗർ (തോമാട്ടുചാൽ) സിപിഐ എം മീനങ്ങാടി ഏരിയാ സമ്മേളനത്തിന് തോമാട്ടുചാലിൽ ആവേശത്തുടക്കം. ഏരിയാ കമ്മിറ്റി നിലവിൽ വന്നശേഷം ആദ്യമായി ചേർന്ന സമ്മേളനം മാർത്തോമ്മ പള്ളി ഹാളിലെ പി ടി ഉലഹന്നാൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്‌തു. ലോക്കൽ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 125 പ്രതിനിധികളാണ് രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുതിർന്ന ഏരിയാ കമ്മിറ്റി അംഗം കെ കെ വിശ്വനാഥൻ പതാക ഉയർത്തി. കെ ഷമീർ താൽക്കാലിക അധ്യക്ഷനായി. സ്വാഗതസംഘം ചെയർപേഴ്‌സൺ സി കെ ഹഫ്‌സത്ത് സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോൾ രക്തസാക്ഷി പ്രമേയവും വി എ അബ്ബാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ഷമീർ കൺവീനറും ലതാ ശശി, സി അസൈനാർ എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എ രാജൻ കൺവീനറായി മിനുട്‌സ്, വി സുരേഷ് കൺവീനറായി പ്രമേയം, കെ കെ വിശ്വനാഥൻ കൺവീനറായി ക്രഡൻഷ്യൽ, ടി ടി സ്‌കറിയ കൺവീനറായി രജിസ്‌ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും തുടങ്ങി. പൊതുചർച്ച ചൊവ്വ രാവിലെ 10.30ന് തുടരും. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ എൻ പ്രഭാകരൻ, പി വി സഹദേവൻ, വി വി ബേബി, കെ റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബീന വിജയൻ, പി വാസുദേവൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ഏരിയാ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും. ചൊവ്വ വൈകിട്ട് നാലിന് ടൗണിൽ ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവുമുണ്ടാവും. പി എ മുഹമ്മദ് നഗറിൽ പൊതുസമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി ഷിജുഖാൻ ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com