പ്രത്യേക തിരച്ചിൽ രണ്ടാംദിനം വിഫലം
ചൂരൽമല ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളവർക്കായി തിങ്കളാഴ്‌ച നടന്ന പ്രത്യേക തിരച്ചിലിൽ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. ഞായറാഴ്‌ചത്തെ തിരച്ചിലിൽ ശരീരഭാഗങ്ങൾ ലഭിച്ച സൂചിപ്പാറ വെള്ളച്ചാട്ടത്തിനുതാഴെ ആനടിക്കാപ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രധാന തിരച്ചിൽ. പ്രത്യേക തിരച്ചിലിനായി ആദ്യദിവസം പ്രദേശത്തിറങ്ങിയ 43 അംഗങ്ങളുള്ള രണ്ട് പ്രത്യേകസംഘം തന്നെയാണ് തിങ്കളും തിരച്ചിൽ നടത്തിയത്. ചെങ്കുത്തായ വനമേഖലയിൽ വിവിധ സേനകളിൽനിന്നായി 25 പേരും 18 സന്നദ്ധപ്രവർത്തകരും സാധ്യമായ ഇടങ്ങളെല്ലാം പരിശോധിച്ചു. എൻഡിആർഎഫ്, അഗ്നിരക്ഷാസേന, വനംവകുപ്പ് ജീവനക്കാർ, പൊലീസ് എന്നിവരും സന്നദ്ധപ്രവർത്തകരും രാവിലെ ആറുമുതൽ കർമനിരതരായിരുന്നു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ തിരച്ചിലും വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണവും നടക്കുന്നുണ്ട്. 76 പേരാണ് പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള ദൗത്യത്തിൽ പങ്കാളികളായത്. രണ്ടു ഷിഫ്‌റ്റുകളിലായി 209 പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സൈനികരും പ്രദേശത്ത് തുടരുന്നുണ്ട്. ബന്ധുക്കൾ ആവശ്യപ്പെടുന്ന ഇടങ്ങളിലെല്ലാം ശക്തമായ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ആനടിക്കാപ്പ്--–-സൂചിപ്പാറ മേഖലയിലെ തിരച്ചില്‍ ചൊവ്വാഴ്‌ചയും തുടരും. അഞ്ച് ശരീരഭാഗങ്ങൾ മനുഷ്യരുടേത് പ്രത്യേക തിരച്ചിലിലെ ആദ്യദിനം കണ്ടെത്തിയ ആറു ശരീരഭാഗങ്ങളിൽ അഞ്ചെണ്ണം മനുഷ്യരുടേത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിലാണ് ശരീരഭാഗങ്ങൾ മനുഷ്യരുടേതാണെന്ന് വ്യക്തമായത്. 28 ദിവസമായി തുടരുന്ന തിരച്ചിലിൽ 231 മൃതദേഹവും 217 ശരീരഭാഗവും ഇതുവരെ കണ്ടെത്തി. ഡിഎൻഎ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു. Read on deshabhimani.com