ദുരന്തമേഖല സന്ദർശിച്ചു പിഡിഎൻഎ പഠനം തുടങ്ങി

ജില്ലയിലെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് പഠനത്തിനെത്തിയ പി ഡി എന്‍ എസംഘം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നു


കൽപ്പറ്റ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ സ്ഥിരം പുനരധിവാസത്തിന്റെ സാമ്പത്തിക ചെലവുകൾ കണക്കാക്കുന്നതിനും അതിജീവന പദ്ധതിയുടെ നിർദേശങ്ങൾ നൽകുന്നതിനുമായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ (പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ്‌ അസസ്‌മെന്റ്‌) സംഘം ജില്ലയിലെത്തി  പ്രവർത്തനം തുടങ്ങി. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സംഘം കലക്ടറേറ്റിൽ യോഗം ചേർന്നു.  ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ജില്ലാ അധികൃതർ, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  ഉരുൾപൊട്ടലിൽ  സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തുമെന്ന് ടീം ലീഡർ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ പ്രദീപ്കുമാർ പറഞ്ഞു. ദുരന്തബാധിതരായ മുഴുവനാളുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഹ്രസ്വ, ഇടക്കാല, ദീർഘകാല വീക്ഷണത്തോടെ  പ്രവർത്തനങ്ങൾ  നടത്തും.  രക്ഷാപ്രവർത്തനവും താൽക്കാലിക പുനരധിവാസവും  വേഗത്തിൽ നടപ്പാക്കാനായതായി ടി സിദ്ദിഖ്‌ എംഎൽഎ പറഞ്ഞു. സ്ഥിര പുനരധിവാസം, ജീവനോപാധി കണ്ടെത്തൽ എന്നിവയിൽ വിദഗ്ധ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രാധാന്യമുള്ളതാണ്‌. ഉരുൾപൊട്ടലിൽ നേരിട്ടും അല്ലാതെയുമുള്ള ആഘാതങ്ങൾ വിലയിരുത്തണമെന്ന് കലക്ടർ ഡി ആർ മേഘശ്രീ നിർദേശിച്ചു. ദുരന്തത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർ നിരവധിയാണ്‌. ദുരന്തം സംഭവിച്ച ദിവസം മുതൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ,  ദുരന്തത്തിന്റെ വ്യാപ്തി, നഷ്ടങ്ങൾ, വിവിധ സംവിധാനങ്ങൾ, സേനകളുടെ പ്രവർത്തനം  തുടങ്ങിയവ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ ദേവകി, അസിസ്റ്റന്റ് കലക്ടർ എസ് ഗൗതം രാജ്‌ തുടങ്ങിയവർ പങ്കെടുത്തു. പിഡിഎൻഎ സംഘത്തിന്റെ പ്രവർത്തനങ്ങൾ 31 വരെ വിവിധ മേഖലകളിലായി നടക്കും. നിർദേശവും സാങ്കേതിക സഹായവും നൽകുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും ജില്ലയിലുണ്ട്. Read on deshabhimani.com

Related News