വാനരശല്യത്തിന്‌ 
ശാശ്വത പരിഹാരം വേണം



പൊഴുതന   പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വാനരക്കൂട്ടത്തിന്റെ ശല്യത്തിൽ വലഞ്ഞ് നാട്ടുകാരും കൃഷിക്കാരും. നാളികേര കർഷകരും വാഴക്കർഷകരുമാണ് വാനരശല്യംകൊണ്ട്‌ ഏറെ പൊറുതിമുട്ടുന്നത്. കുരങ്ങിനോട് മല്ലിട്ട് ദിവസം തുടങ്ങേണ്ട സ്ഥിതിയിലാണ് അത്തിമൂല, മുതിരപ്പാറ, കൊയിലാമൂല, ആനോത്ത്, മേൽമുറി, അമ്മാറ, പാറത്തോട് പ്രദേശങ്ങളിലെ കർഷകർ.   അത്തിമൂല സ്വദേശി വെല്ലുവീട്ടിൽ അശോകന്റെ അമ്പതോളം തെങ്ങുകളിലെ തേങ്ങ കുരങ്ങുകൾ നശിപ്പിച്ചു. വാഴക്കന്നുകൾ നട്ടാൽ വളരാൻ സമ്മതിക്കില്ല. ചെടികളും പച്ചക്കറിത്തൈകളും പറിച്ചിടും. വീടിന്റെ  ഷീറ്റുകളിലേക്ക് ചാടിയിറങ്ങി ഓടിക്കളിക്കും. ചില വീടുകളുടെ ഷീറ്റുകൾ പൊട്ടിയിട്ടുമുണ്ട്. കൂട്ടത്തോടെയാണ് വാനരന്മാർ എത്തുക.  നാട്ടുകാർ ഓടിച്ചുവിട്ടാലും പിന്നെയും വരും.  വലിയ തുകയുടെ കൃഷിനാശമാണ് കുരങ്ങുകൾ വരുത്തുന്നത്.  മൂപ്പെത്താത്ത തേങ്ങ പറിച്ചുതിന്നുന്നതിനാൽ പ്രദേശങ്ങളിലെ കർഷകർക്ക് വീട്ടാവശ്യത്തിനുള്ള തേങ്ങപോലും കിട്ടാറില്ല. വന്യമൃഗശല്യം കാരണം പല കർഷകരും കൃഷിയിൽ നിന്നുതന്നെ വഴിമാറി.  ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കുരങ്ങുകളെയെല്ലാം കൂടുവച്ച് പിടിച്ച് ഉൾക്കാട്ടിൽ കൊണ്ടുവിടാനുള്ള നടപടി ബന്ധപ്പെട്ടവർ എത്രയും വേഗം കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.  Read on deshabhimani.com

Related News