മീനങ്ങാടി ഏരിയാ സമ്മേളനം സമാപിച്ചു ചീങ്ങേരി ഫാം സംരക്ഷിക്കണം
പി ടി ഉലഹന്നാൻ നഗർ (തോമാട്ടുചാൽ) ചീങ്ങേരി ഫാം സംരക്ഷിക്കണമെന്ന് സിപിഐ എം മീനങ്ങാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇ എം എസ് സർക്കാരിന്റെ കാലത്താണ് ഗോത്രവർഗക്കാർക്ക് തൊഴിലും പുനരധിവാസവും ഉറപ്പാക്കുന്നതിന് 185 ഏക്കറിൽ ചീങ്ങേരി ഫാം ആരംഭിച്ചത്. തുടക്കത്തിൽ110 തൊഴിലാളികളുണ്ടായിരുന്ന ഫാമിൽ നിലവിൽ അഞ്ച് തൊഴിലാളികൾ മാത്രമാണുള്ളത്.185 ഏക്കറിലെ കൃഷിപ്പണി നടത്താൻ അഞ്ച് തൊഴിലാളികളെക്കൊണ്ട് മാത്രം കഴിയില്ല. തൊഴിലാളികളുടെ കുറവ് നിമിത്തം തോട്ടത്തിലെ കാപ്പിയും കുരുമുളകും തെങ്ങും കവുങ്ങും സുഗന്ധവിളകളും ഉൾപ്പെടെയുള്ള കൃഷികൾ പരിചരിക്കപ്പെടാതെ നശിക്കുന്നു. കൂടുതൽ തൊഴിലാളികളെ നിയമിച്ച് ഫാം സംരക്ഷിക്കാനാവശ്യമായ നടപടി വേണം. ഭൂ വിനിയോഗ നിയമം പാസാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, ടിപ്പർ ലോറികളുടെ സ്‌കൂൾ സമയത്തെ സർവീസിനുള്ള നിയന്ത്രണം ക്രമീകരിക്കുക, വീട്ടി, തേക്ക്, ചന്ദനമരങ്ങളുടെ ഉടമസ്ഥാവകാശം കർഷകർക്ക് നൽകുക, വന്യമൃഗശല്യത്തിൽനിന്ന് കർഷകരെ സംരക്ഷിക്കുക, റെഡ് സോൺ–-ഓറഞ്ച് സോൺ പ്രഖ്യാപനത്തിൽ മാറ്റം വരുത്തുക, കാരാപ്പുഴ ഡാമിനോട് ചേർന്ന് താമസിക്കുന്നവരുടെ ദുരിതത്തിന് പരിഹാരം കാണുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ചൊവ്വ രാവിലെ പുനരാരംഭിച്ച സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന പൊതുചർച്ചക്ക് ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോളും ജില്ലാ സെക്രട്ടറി പി ഗഗാറിനും മറുപടി നൽകി. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ സംസാരിച്ചു. സമ്മേളനം 15 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തോമാട്ടുചാലിനെ ചുവപ്പണിയിച്ച ഉജ്വല റാലിയോടെയാണ് സമ്മേളനം സമാപിച്ചത്. പി എ മുഹമ്മദ് നഗറിൽ പൊതുസമ്മേളനം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി ഷിജുഖാൻ ഉദ്‌ഘാടനം ചെയ്‌തു. എൻ പി കുഞ്ഞുമോൾ അധ്യക്ഷയായി. സി കെ ശശീന്ദ്രൻ, പി ഗഗാറിൻ എന്നിവർ സംസാരിച്ചു. വി വി രാജൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com