സിപിഐ എം ഇടപെടൽ ആദിവാസികളുടെ താമസകേന്ദ്രം പുനർനിർമിച്ചു
തിരുനെല്ലി കൊല്ലിമൂലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ച ആദിവാസികളുടെ താമസകേന്ദ്രങ്ങൾക്ക് പകരം കുടിലുകൾ നിർമിച്ചു. സിപിഐ എം ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്‌ചയാണ് വനപാലകർതന്നെ രണ്ട് കുടിലുകൾ നിർമിച്ചുനൽകിയത്. പഞ്ചായത്ത് നിർമിക്കുന്ന വീടുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ അവിടേക്ക് മാറ്റും. താമസകേന്ദ്രം പൊളിച്ചുനീക്കിയ സംഭവത്തിൽ വയനാട് വന്യജീവി സങ്കേതം തോൽപ്പെട്ടി റെയ്‌ഞ്ചിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സർക്കാർ നയത്തിന് വിരുദ്ധമായി ആദിവാസി കുടുംബങ്ങളുടെ താമസകേന്ദ്രം പൊളിച്ചുനീക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകിയിരുന്നു. മന്ത്രി ഒ ആർ കേളുവും വിഷയത്തിൽ ഇടപെടുകയും വനം മന്ത്രിയുമായി സംസാരിക്കുകയും ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിൽ കുടുംബങ്ങൾക്കുള്ള വീട് നിർമാണം നടക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥർ കുടിലുകൾ പൊളിച്ചത്. തിങ്കൾ രാത്രിയിൽ സിപിഐ എം നേതാക്കാൾ ബേഗൂരിലുള്ള തോൽപ്പെട്ടി റെയ്‌ഞ്ച് അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ് ഉപരോധിച്ചു. ഉദ്യോഗസ്ഥർ താമസകേന്ദ്രം ഒഴിപ്പിച്ച ആദിവാസികളൊന്നിച്ചാണ് നേതാക്കളും ജനപ്രതിനിധികളും അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ എത്തിയത്. താമസക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് കുടിലുകൾ നിർമിക്കുമെന്ന് വനം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചൊവ്വ രാവിലെതന്നെ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടിൽ നിർമാണ ജോലികൾ ആരംഭിച്ചു. സിപിഐ എം നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നു. കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ആർ ഷിബു, കെ സിജിത്ത്, സൈനുദ്ദീൻ, മഞ്ജു മുത്തു, പഞ്ചായത്ത് അംഗം റുഖിയ സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി എം വിമല തുടങ്ങിയവർ സ്ഥലത്തെത്തി. കൊല്ലിമൂലയിലെ മീനാക്ഷി, അനിൽ, ലക്ഷ്മി എന്നിവരുടെ താമസകേന്ദ്രമാണ് വനം ഉദ്യോഗസ്ഥർ തകർത്തത്. Read on deshabhimani.com