കലയുടെ കനിവ്
നടവയൽ അരികുവൽക്കരിക്കപ്പെട്ടവരുടെ ഉയർച്ച കനവുകണ്ട കഥാകാരൻ കെ ജെ ബേബിയുടെ ഓർമകൾ തിങ്ങുന്ന നടവയലിന്റെ മണ്ണിൽ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. വർണങ്ങൾ വിരിഞ്ഞ രചനാമത്സരങ്ങളോടെയായിരുന്നു ആരംഭം. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 11 വേദികളിലായി 35 ഇനങ്ങൾ പൂർത്തിയായി. യുപി, ഹൈസ്‌കൂൾ, എച്ച്‌എസ്‌എസ് വിഭാഗങ്ങളിലായി രചനാ മത്സരങ്ങൾ, അറബിക്ക് കലോത്സവം, സംസ്‌കൃതോത്സവം എന്നിവ നടന്നു. രചനാ മത്സരങ്ങൾ പൂർത്തിയായി. അറബിക്ക് കലോത്സവവും സംസ്‌കൃതോത്സവവും തുടരും. ബുധൻ രാവിലെ 9.30ന് സ്‌റ്റേജ് മത്സരങ്ങൾ ആരംഭിക്കും. ഹയർ സെക്കൻഡറി സ്കൂളിനൊപ്പം കെ ജെ എസ് ഓഡിറ്റോറിയം, സഹകരണ സൊസൈറ്റി ഹാൾ, വേൾഡ് വിഷൻ ഹാൾ എന്നിവിടങ്ങളിലെ ഒമ്പതുവേദികളിലാണ് കൗമാര പ്രതിഭകൾ മാറ്റുരയ്‌ക്കുക. 29 വരെ നീളുന്ന കാലാമേളയിൽ മൂവായിരത്തോളം പേർ 240 ഇനങ്ങളിൽ മത്സരിക്കും. ബുധൻ പകൽ മൂന്നിന് ടി സിദ്ദിഖ് എംഎൽഎ ഉദ്‌ഘാടനംചെയ്യും. എഴുത്തുകാരനും പിന്നണി ഗായകനുമായ വി ടി മുരളി മുഖ്യാതിഥിയാകും. ഭരതനാട്യം, കുച്ചിപ്പുടി, തിരുവാതിര, മാപ്പിളപ്പാട്ട്, കോൽക്കളി, വട്ടപ്പാട്ട്, ഒപ്പന തുടങ്ങിയ മത്സരങ്ങൾ ബുധൻ നടക്കും. Read on deshabhimani.com