ഹരിതകർമസേനക്കെതിരെ യുഡിഎഫ് പ്രചാരണം അപഹാസ്യം
ബത്തേരി നഗരസഭയിലെ ഹരിതകർമസേനക്കെതിരെ യുഡിഎഫ് നടത്തുന്ന അപവാദ പ്രചാരണം നഗരസഭയുടെ ശുചീകരണ പ്രവൃത്തികളെ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് നഗരസഭാ ചെയർമാൻ ടി കെ രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൃത്തിയുടെ കാര്യത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയാണ് ബത്തേരി നഗരം. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും മാലിന്യ സംസ്‌കരണത്തിലും നിർമാർജനത്തിലും നഗസഭ നടത്തുന്ന സ്‌തുത്യർഹമായ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരവും പ്രശംസയുമാണ് ലഭിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും തിരിച്ചറിഞ്ഞ ജനങ്ങളാണ് നഗര ഭരണത്തിൽനിന്ന് യുഡിഎഫിനെ വർഷങ്ങൾക്ക് മുമ്പ് അകറ്റിയത്. നഷ്ടപ്പെട്ട നഗരഭരണം വീണ്ടെടുക്കാൻ യുഡിഎഫ് നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മികച്ച നിലയിൽ മാലിന്യ ശേഖരണവും നിർമാർജനവും നടത്തുന്ന ഹരിതകർമസേനക്കെതിരെയുള്ള ദുഷ്‌പ്രചാരണം. എംസിഎഫിൽനിന്ന് പ്രതികൂല കാലാവസ്ഥയിലും മാലിന്യച്ചാക്കുകൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് യുഡിഎഫുകാർ ചില കൗൺസിലർമാരുടെ നേതൃത്വത്തിൽ മാലിന്യനീക്കം തടസ്സപ്പെടുത്തിയത്. കനത്ത മഴയായതിനാലാണ് മാലിന്യച്ചാക്കുകൾ നീക്കുന്നതിന് ചുമതലപ്പെട്ട കമ്പനിയുടെ വാഹനത്തിൽ ചാക്കുകെട്ടുകൾ കയറ്റാൻ വൈകിയത്. നേരം ഇരുട്ടിയതിനാലാണ് ഹരിതകർമസേനാംഗങ്ങൾ സ്ഥലത്ത് നിന്ന് പോയത്. ഇതിനിടെ യുഡിഎഫുകാർ വാഹനം തടഞ്ഞത് ഗൂഢാലോചനയുടെ ഭാഗമാണ്. മാലിന്യനീക്കം തടസപ്പെട്ടാൽ അതിനെ നഗരസഭക്കെതിരെയുള്ള ജനവികാരമാക്കി മാറ്റിയെടുക്കാമെന്ന ലക്ഷ്യമായിരുന്നു യുഡിഎഫിന്. റീസൈക്കിൾ ചെയ്യുന്ന മാലിന്യത്തിന് ഹരിതകർമസേനക്ക് പണം ലഭിക്കുന്നത് തടഞ്ഞ് അവരെ സാമ്പത്തികമായി ഞെരുക്കുന്നതിനുള്ള ശ്രമവും യുഡിഎഫ് നടത്തുന്നുണ്ട്. ചില ഡിവിഷനുകളിൽ ഹരിതകർമസേനക്കെതിരെ വ്യാജ പ്രചാരണം അഴിച്ചുവിട്ട് ഹരിതകർമസേന മാലിന്യം കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുന്നതിനും നീക്കം നടക്കുന്നു. ഹരിതകർമസേനയുടെ പ്രത്യേകം അക്കൗണ്ടുകൾ മുഖാന്തരമാണ് തികച്ചും സുതാര്യമായി അവരുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത്. നഗരത്തിൽ ഗാന്ധി ജങ്‌ഷനിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ നഗരസഭ നടത്തിയ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും അംഗീകാരം ലഭിച്ചതാണ്. മാലിന്യനീക്കം തടയുന്നതിനും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും യുഡിഎഫുകാർ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കുമെതിരെ നഗരസഭ നിയമപരമായും രാഷ്‌ട്രീയപരമായും നടപടി കൈക്കൊള്ളും. സ്ഥിരംസമിതി ചെയർമാൻ ടോം ജോസ്, കൗൺസിലർ കെ സി യോഹന്നാൻ, ഹരിതകർമസേന പ്രസിഡന്റ് ഇ എം രജനി എന്നിവരും പങ്കെടുത്തു. Read on deshabhimani.com