കൂട്ടമായെത്തുന്നു; 
കൽപ്പറ്റ തെരുവുനായ ഭീതിയിൽ

കൽപ്പറ്റ ചെമ്മണൂർ ജങ്ഷന് സമീപം റോഡിൽ കൂട്ടംകൂടി നിൽക്കുന്ന തെരുവുനായകൾ


കൽപ്പറ്റ  കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി കൽപ്പറ്റ നഗരം കീഴടക്കി തെരുവുനായകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂട്ടംകൂടി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായകളാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്. ഇരുപതോളം നായകളാണ് കൽപ്പറ്റ നഗരം ചുറ്റുന്നത്. പഴയ ബസ് സ്റ്റാൻഡ് മുതൽ പുതിയ ബസ്‌സ്റ്റാൻഡ്  വരെ റോഡരികെല്ലാം ഇവ കൈയടക്കി.   ചൊവ്വ രാവിലെ ചെമ്മണൂർ ജങ്ഷന് സമീപത്ത് ദേശീയപാതയിൽ കൂട്ടംകൂടി നിന്ന് നായകൾ ഭീതി സൃഷ്ടിച്ചു. വാഹനങ്ങൾക്ക് മുന്നിൽ ചാടി. ഹോൺ മുഴക്കിയിട്ടും കൂസലില്ലാതെ റോഡിൽതന്നെ നിന്നു. ഇരുചക്ര വാഹന യാത്രക്കാർക്കുനേരെ കുരച്ചുചാടുകയുംചെയ്തു. ടൗണിൽനിന്ന് പരസ്പരം കടികൂടിയതിനാൽ പല  നായകളുടെയും ശരീരങ്ങളിൽ മുറിവുകളുമുണ്ട്. മത്സ്യ–-മാംസ മാർക്കറ്റിന് സമീപവും നായകൾ തമ്പടിക്കാറുണ്ട്. ഇതുവഴി വിദ്യാർഥികളടക്കം ഭയന്നാണ് കടന്നുപോവുന്നത്‌.  വിദ്യാർഥികൾ കൂടുതലായി സഞ്ചരിക്കുന്ന പള്ളിത്താഴെ റോഡ് പരിസരത്തിലൂടെയാണ്‌  നായകളുടെ  നിരന്തര സഞ്ചാരം.  രാത്രിയിലും റോഡും വീട്ടുപരിസരങ്ങളും കൈയടക്കുന്നതും പതിവാണ്‌.   ഒഴിഞ്ഞതും പണിതീരാത്തതുമായ കെട്ടിടങ്ങൾക്കുള്ളിലാണ് നായകൾ തമ്പടിക്കുന്നത്. വിവിധയിടങ്ങളിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റോഡിന് കുറുകെ സഞ്ചരിച്ച് അപകടസാധ്യതയും വർധിപ്പിക്കുന്നു. ദിവസംതോറും വർധിക്കുകയാണ് നായശല്യം. നായകൾ  വീട്ടുപരിസരങ്ങളിലും കൂട്ടംകൂടി എത്തുന്നതായും പരാതിയുണ്ട്. കൽപ്പറ്റയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ  ശല്യം രൂക്ഷമാകുമ്പോഴും നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പദ്ധതിയില്ലാത്തത് തിരിച്ചടിയാകുന്നുവെന്ന ആക്ഷേപവുമുണ്ട്. Read on deshabhimani.com

Related News