അമ്മ അക്രമാസക്തയായി ഓർമയിൽ തുറന്നുവിടേണ്ടിവന്ന ‘കടുവാ ഓപ്പറേഷൻ’



  കൽപ്പറ്റ അമ്മക്കടുവയെയും മൂന്ന്‌ കുട്ടികളെയും പിടികൂടാനുള്ള ദൗത്യം  ആരംഭിക്കുമ്പോൾ ഓർമയിൽ രണ്ടുവർഷം മുമ്പുള്ള ‘കടുവാ ഓപ്പറേഷൻ’.  മീനങ്ങാടി സീസി മണ്ഡകവയലിൽ അമ്മക്കടുവയെയും രണ്ടുകുട്ടികളെയും കുരുക്കാനായി നടത്തിയ ദൗത്യം അമ്മക്കടുവ പരാജയപ്പെടുത്തി.  4–-6 മാസമായ കുട്ടികളിലൊന്ന്‌ കൂട്ടിലായതോടെ വാതിൽ അടഞ്ഞു.  അമ്മക്കടുവയും രണ്ടാമത്തെ കുട്ടിയും കൂടിനുചുറ്റും അലറിവിളിച്ചു.  വനപാലക, പൊലീസ്‌ സംഘങ്ങൾക്ക്‌ കൂടിന്റെ സമീപത്തേക്ക്‌ അടുക്കാനായില്ല. അമ്മ കൂടുതൽ ആക്രമണസ്വഭാവം കാണിച്ചു. മനുഷ്യരെ ആക്രമിക്കുമെന്ന നിലയായി. തുരത്താനായി മുത്തങ്ങ ആനപ്പന്തിയിൽനിന്ന്‌ കുങ്കിയാനകളായ വടക്കനാട്‌ കൊമ്പനെയും കല്ലൂർ കൊമ്പനെയും എത്തിച്ചു. എന്നാൽ അലറിക്കൊണ്ട്‌ കടുവ ആനകൾക്കുനേരെ ചാടി. കുങ്കിയാനകൾ തിരിഞ്ഞോടി. പിന്നീട്‌ മണ്ണുമാന്ത്രിയന്ത്രം കൊണ്ടുവന്ന്‌ കുങ്കിയാനകൾക്കൊപ്പം കൂടിനടുത്തേക്ക്‌ അടുപ്പിച്ച്‌ വാതിൽതുറന്ന്‌ കുട്ടിക്കടുവയെ പുറത്തുവിട്ടു. കുഞ്ഞ്‌ അരികിലെത്തിയതോടെ അമ്മ ശാന്തയായി. പിന്നീട്‌ പടക്കംപൊട്ടിച്ച്‌ സ്ഥലത്തുനിന്ന്‌ കടുവക്കൂട്ടത്തെ തുരത്തി. Read on deshabhimani.com

Related News