ഒന്നിന്‌ പരിക്ക്‌ പെരുന്തട്ടയിൽ പുലി പശുവിനെ കൊന്നു



  കൽപ്പറ്റ പെരുന്തട്ട ഒന്നാം നമ്പറിൽ പുലി പശുവിനെ കൊന്നു. കളത്തിങ്കൽ അബു താഹിറിന്റെ മൂന്നുവയസ്സുള്ള പശുവിനെയാണ്‌ പുലി പിടിച്ചത്. വെള്ളി ഉച്ചയോടെ വീടിന് സമീപം മേയാൻ വിട്ടതായിരുന്നു. പിന്നീട്‌ നോക്കിയപ്പോൾ ഒന്നിനെ കാണാനുണ്ടായില്ല. പരിസരത്ത്‌ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ശനി രാവിലെ മറ്റു പശുക്കളെ മേയാനായി കൊണ്ടുപോയപ്പോഴാണ് മുക്കാൽ ഭാഗവും ഭക്ഷിച്ച നിലയിൽ കാണാതായതിന്റെ  ജഡാവശിഷ്ടങ്ങൾ കണ്ടത്‌. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയുടെ ആക്രമണം സ്ഥിരീകരിച്ചു.   പ്രദേശവാസിയായ തോണിക്കടവൻ അബ്ദുള്ളയുടെ മേയാൻ വിട്ട പശുവിനെയും പുലി ആക്രമിച്ചു. വൈകിട്ട് തിരിച്ചുകൊണ്ടുവരാൻ പോയപ്പോഴാണ് മുറിവേറ്റ നിലയിൽ കണ്ടത്. കാലിലും മുഖത്തുമാണ് പരിക്ക്‌. മാസങ്ങൾക്കുമുമ്പ്‌ അബു താഹിറിന്റെ മറ്റൊരു പശുവിനെയും പുലി പിടിച്ചിരുന്നു. പ്രദേശത്ത് മാസങ്ങളായി പുലിശല്യമുണ്ട്. പലരും പുലിയെ നേരിൽ കണ്ടു. എസ്‌റ്റേറ്റ്‌ ലയങ്ങളുടെ പരിസരങ്ങളിൽ പുലി തമ്പടിച്ചതായാണ്‌ നാട്ടുകാർ പറയുന്നത്‌. വന്യമൃഗത്തിന്റെ മുരൾച്ച പലപ്പോഴും കേൾക്കാം. കെട്ടിയിട്ട വളർത്തുമൃഗങ്ങൾ കയർ പൊട്ടിച്ച് ഓടിയ സംഭവങ്ങളുമുണ്ട്‌. വന്യമൃഗം ആക്രമിക്കാൻ വരുമ്പോൾ ഓടി രക്ഷപ്പെടുന്നതാണെന്നാണ്‌ ഉടമകൾ പറയുന്നത്‌. ഇവിടത്തെ സ്വകാര്യ എസ്‌റ്റേറ്റ്‌ കാടുമൂടി കിടക്കുകയാണ്‌. തോട്ടം കാടുമൂടിയതിനാൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ തമ്പടിക്കുകയാണ്‌. എൽസൺ എസ്‌റ്റേറ്റ്‌ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്‌.   ഗവ. എൽപി സ്‌കൂളും പ്രദേശത്തുണ്ട്‌. വിദ്യാർഥികളും അധ്യാപകരും ഭയത്തോടെയാണ്‌ സഞ്ചരിക്കുന്നത്‌. എപ്പോൾ വേണമെങ്കിലും പുലി ചാടിവീഴാമെന്ന സാഹചര്യമാണ്‌. രാവും പകലും പേടിച്ചാണ് ആളുകൾ വീടുകളിൽപ്പോലും കഴിയുന്നത്‌. കാടുമൂടിയ തോട്ടങ്ങൾ വൃത്തിയാക്കണമെന്നും പുലിയെ കൂടുവച്ച്‌  പിടികൂടണമെന്നുമാണ്‌ പ്രദേശവാസികളുടെ ആവശ്യം.   Read on deshabhimani.com

Related News