പൗരാണികതയിലേക്ക്‌ വെളിച്ചം വിതറി അമ്പലവയൽ മ്യൂസിയം

ഹെറിറ്റേജ്‌ മ്യൂസിയം,


ബത്തേരി സമ്പന്നമായ വയനാടൻ പാരമ്പര്യത്തിലേക്ക്‌ വഴിതുറക്കുന്ന കാഴ്ചകളൊരുക്കി  അമ്പലവയലിലെ ഹെറിറ്റേജ്‌ മ്യൂസിയം. ആദ്യകാലത്തെ ജനത ഉപയോഗിച്ചിരുന്ന  ഉപകരണങ്ങളും ചരിത്രത്തെ അടയാളപ്പെടുത്തുന്ന ശിലാപ്രതിമകളും ഫലകങ്ങളും കല്ലിൽ കൊത്തിയ മറ്റു രേഖകളും അടങ്ങിയ വിപുലമായ ശേഖരമാണ്‌ മ്യൂസിയത്തിലുള്ളത്‌. അമ്പലവയൽ അങ്ങാടിയുടെ മധ്യത്തിൽ രണ്ട്‌ നിലകളിലായി സജ്ജീകരിച്ച മ്യൂസിയത്തിൽ നിറയെ വയനാടിന്റെ ഇന്നലകൾ സംബന്ധിച്ച അറിവുകളാണ്‌.   മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന്‌ അടച്ചിട്ട മ്യൂസിയം ആഗസ്‌ത്‌ 15നാണ്‌ വീണ്ടും തുറന്നത്‌. ഇതോടെ സഞ്ചാരികൾ എത്തിത്തുടങ്ങി. വീരസ്‌മൃതി, ഗോത്രസ്‌മൃതി, ദേവസ്‌മൃതി, ജീവനസ്‌മൃതി എന്നിങ്ങനെ നാല്‌ ബ്ലോക്കായാണ്‌ മ്യൂസിയം ക്രമീകരിച്ചിട്ടുള്ളത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ വിവിധകാലത്ത്‌ കണ്ടെടുത്ത ശിലാഫലകങ്ങളാണ്‌ വീരസ്‌മൃതിയിലുള്ളത്‌. യുദ്ധങ്ങളിൽ പങ്കെടുത്ത യോദ്ധാക്കളുടെ വിവരങ്ങളും ചിത്രങ്ങളും അടയാളപ്പെടുത്തുന്നതാണിത്‌. ഗോത്രസ്‌മൃതിയിൽ ആദിമകാലത്തെ മുളയുപകരണങ്ങളും ഗോത്ര സംസ്‌കാരത്തെയും ആദിവാസി ജീവിതരീതിയെയും അടയാളപ്പെടുത്തുന്നതാണ്‌. ദേവൻമാരുടെയും ആരാധനാ മൂർത്തികളുടെയും കൽപ്രതിമകളെ ഉൾപ്പെടുത്തിയുള്ളതാണ്‌ ദേവസ്‌മൃതി.  ജീവനസ്‌മൃതിയിൽ മുനിയറകളിൽനിന്ന്‌ കണ്ടെടുത്ത മൺപാത്രങ്ങളും മറ്റും ഉൾപ്പെടുന്നു.  ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരാണ്‌ ഹെറിറ്റേജ്‌ മ്യൂസിയം കാണാനെത്തുന്നവരിൽ അധികവും. സന്ദർശകരുടെ എണ്ണം തുടക്കത്തിൽ കുറവായിരുന്നുവെങ്കിലും പിന്നീട്‌ കൂടിയതായി മാനേജർ അറിയിച്ചു.   മുഖ്യ ആകർഷണമായി  മൾട്ടി തിയറ്റർ അമ്പലവയലിലെ ഹെറിറ്റേജ്‌ മ്യൂസിയത്തില മുഖ്യ ആകർഷണം 72 സീറ്റുകളുള്ള മൾട്ടി തിയറ്ററാണ്‌. 20 മിനിറ്റ്‌ ദൈർഘ്യമുള്ള ഷോർട്ട്‌ ഫിലിം പ്രദർശനമാണ്‌ തിയറ്ററിൽ നടക്കുന്നത്‌. പ്രദർശനത്തിന്‌ പ്രത്യേകം ഫീസുമുണ്ട്‌. ഡിടിപിസിയാണ്‌ മ്യൂസിയം നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്‌. മുതിർന്നവർക്ക്‌ 30, കുട്ടികൾക്ക്‌ 20, മുതിർന്ന പൗരൻമാർക്ക്‌ 15 രൂപ ക്രമത്തിലാണ്‌ പ്രവേശന ടിക്കറ്റ്‌ നിരക്ക്‌.       ബത്തേരിയിൽനിന്ന്‌ 11 കിലോമീറ്റർ ഹെറിറ്റേജ്‌ മ്യൂസിയത്തിലെത്താൻ ഏറ്റവും എളുപ്പം ബത്തേരിയിൽനിന്നാണ്‌. 11 കിലോമീറ്റർ ദൂരം. കൽപ്പറ്റയിൽനിന്ന്‌ 21 കിലോമീറ്ററും മാനന്തവാടിയിൽനിന്ന്‌  37.5 കിലോമീറ്ററും ദൂരമുണ്ട്‌. Read on deshabhimani.com

Related News