‘കനസ് ജാഗ’യിൽ ഉദിച്ചു പുതുതാരങ്ങൾ
കൊച്ചി തദ്ദേശജനതയുടെ ജീവിതയാഥാർഥ്യങ്ങൾ അടയാളപ്പെടുത്തിയ ചിത്രങ്ങളിലൂടെ ആസ്വാദകമനസ്സുകൾ കീഴടക്കിയ കനസ് ജാഗയ്ക്ക് സമാപനം. ശക്തമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ ഒരുക്കിയ 102 ഹ്രസ്വചിത്രങ്ങളിൽ നിറഞ്ഞുനിന്നത് പ്രതിഭയും സർഗാത്മകതയും. മേളയുടെ സമാപനസമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ സമഗ്രവികാസത്തിനായി കനസ് ജാഗപോലെ ഹ്രസ്വചിത്ര നിർമാണവും പ്രദർശനവും നടത്താനുള്ള സംവിധാനമൊരുക്കിയ കുടുംബശ്രീയെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. ശക്തമായ ഉള്ളടക്കംകൊണ്ട് സമ്പന്നമായ ചിത്രങ്ങളാണ് മേളയ്ക്കെത്തിയത്. മേളയിൽ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മികച്ച രീതിയിലുള്ള പരിശീലനങ്ങൾ ലഭ്യമാക്കി കഴിവുകളെ പരിപോഷിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. നടൻ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണൻ അവാർഡുകൾ വിതരണം ചെയ്‌തു. കൊറഗ (കാസർകോട്), ആറളം (കണ്ണൂർ), തിരുനെല്ലി, നൂൽപ്പുഴ (വയനാട്), നിലമ്പൂർ (മലപ്പുറം), പറമ്പിക്കുളം (പാലക്കാട്), അട്ടപ്പാടി (പാലക്കാട്), കാടർ (തൃശൂർ), മറയൂർ,- കാന്തല്ലൂർ (ഇടുക്കി), മലമ്പണ്ടാരം (പത്തനംതിട്ട) ട്രൈബൽ സ്പെഷ്യൽ പ്രോജക്ടുകൾക്കുള്ള അവാർഡ് വിതരണം മേയർ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, രതീഷ് കാളിയാടൻ, മേരി മിനി, ലത സാബു, നബീസ ലത്തീഫ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റജീന എന്നിവർ സംസാരിച്ചു. തദ്ദേശീയമേഖലയിലെ കുട്ടികൾ ഒരേസമയം ഏറ്റവും കൂടുതൽ സിനിമകൾ തയ്യാറാക്കി പ്രദർശിപ്പിച്ചതിനുള്ള ടാലന്റ് വേൾഡ് റെക്കോഡ് ഓൾ ഗിന്നസ് വേൾഡ് റെക്കോഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ കൈമാറി. Read on deshabhimani.com