നിപാ: കേരളത്തിൽ കണ്ടെത്തിയത് മാരകമായ വകഭേദം
തിരുവനന്തപുരം: മലപ്പുറത്ത് 14 വയസ്സുകാരന്റെ മരണത്തിനിടയാക്കിയ നിപാ വൈറസ് ബംഗ്ലാദേശ് വകഭേദമെന്ന് നിഗമനം. തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ നടത്തിയ പഠനത്തിലാണ് നിഗമനം. നിപയ്ക്ക് മലേഷ്യ, ബംഗ്ലാദേശ് എന്നീ രണ്ടു വകഭേദങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ബംഗ്ലാദേശ് വകഭേദമാണ് കൂടുതല്‍ മാരകമായത്. ഈ വകഭേദം ബാധിച്ചവരില്‍ 67 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായ നിപാ ബാധയും ബംഗ്ലാദേശ് വകഭേദമാണെന്ന നിഗമനത്തിലായിരുന്നു. കേരളത്തില്‍ വൈറസിന് ജനിതക വകഭേദം ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യത്യാസം രേഖപ്പെടുത്തിയിരുന്നത്. കേരളത്തില്‍ ഇത്തവണ ബാധിച്ച വൈറസ് വക ഭേദം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പരിശോധനാ ഫലം വരേണ്ടതുണ്ട്. 1999 ലാണ് മനുഷ്യരിലേക്ക് പകരുന്ന നിപാ വൈറസ് കണ്ടെത്തിയത്. വൈറസ് ബാധിതരായ വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായാണ് കണ്ടെത്തിയത്. പിന്നീട് ബംഗ്ലാദേശ്, ഇന്ത്യ, സിംഗപൂര്‍ എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2006 ല്‍ ബംഗാളിലെ സിലിഗുരിയിലും ബംഗ്ലാദേശ് വകഭേദം കണ്ടെത്തി. 2001 മുതല്‍ അവിടെ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇക്കാലയളവില്‍ 66 പേര്‍ക്കു രോഗം ബാധിച്ചതില്‍ 45 പേര്‍ മരിച്ചു. ബംഗ്ലദേശില്‍ ഈ വര്‍ഷം നിപ്പ ബാധിച്ചു 2 പേര്‍ മരിച്ചു. 2001 മുതല്‍ അവിടെ 341 പേര്‍ക്കു രോഗം ബാധിച്ചു. ഇതില്‍ 242 പേരാണ് മരിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലില്‍ വൈറസുകളെ കണ്ടെത്തുന്നതിനുള്ള മോളിക്യുലര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനമാണുള്ളത്. 8 വിഭാഗങ്ങളില്‍ പഠനവും 6 ലാബുകളില്‍ ഗവേഷണവും നടക്കുന്നു. മാരകമായ വൈറസ് സ്ഥിരീകരിക്കുമ്പോളും കേരളത്തില്‍ ഇത് നിയന്ത്രണ വിധേയമായി. ഓരോ തവണയും രോഗ ഭീതി ഉയര്‍ത്തുമ്പോഴും ശക്തമായ പ്രതിരോധ സംവിധാനവും പൊതു സമൂഹത്തിന്റെ കരുതലും രോഗ വ്യാപനത്തെ തടയാന്‍ സഹായകമായി. വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കേരളത്തില്‍ ഇത് അഞ്ചാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇത്തവണ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചെതെങ്കില്‍ മുന്‍ അനുഭവങ്ങളില്‍ മൂന്ന് തവണയും കോഴിക്കോട് ജില്ലയിലായിരുന്നു രോഗബാധ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലാണ്. സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2018ല്‍ കോഴിക്കോടാണ്. 2018 മെയ് രണ്ടു മുതല്‍ 29 വരെ ഉണ്ടായ ആദ്യ നിപ തരംഗത്തില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി ഉള്‍പ്പെടെ 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി, തൊണ്ണൂറ്റിരണ്ട് ശതമാനത്തോളമായിരുന്നു അന്ന് മരണനിരക്ക്. ലബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്കാണ്. അതുകൊണ്ട് ഔദ്യോഗിക കണക്കില്‍ 18 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. തൊട്ടടുത്ത വര്‍ഷം വീണ്ടും കേരളത്തില്‍ നിപബാധയുണ്ടായി. എറണാകുളത്തുള്ള 23 കാരനായിരുന്നു ഇത്തവണ രോഗബാധ. മുന്‍വര്‍ഷത്തോളം തീവ്രമായില്ലെന്നു മാത്രമല്ല, രോഗം ഒരാളില്‍ മാത്രം ഒതുക്കി നിര്‍ത്താനും സാധിച്ചു. രോഗബാധയേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാനുമായി. കോവിഡ് മഹാമാരിക്കെതിരായ അതിജീവനപോരാട്ടം തുടരുന്ന ഘട്ടത്തിലാണ് അടുത്ത രോഗ ബാധയുണ്ടായത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിലാണ് നിപ വൈറസിന്റെ മൂന്നാം വരവുണ്ടായത്. അന്ന് പന്ത്രണ്ട് വയസുകാരന്റെ ജീവന്‍ നിപ കവര്‍ന്നു. കോഴിക്കോടുണ്ടായ നിപയുടെ നാലാം വരവും സെപ്റ്റംബര്‍ മാസം തന്നെയാണ്ഉണ്ടായത്. ഇത്തവണ മഴക്കാലം തുടങ്ങിയ ശേഷമാണ്. Read on deshabhimani.com