രോഗ ഉറവിടം തേടിയുള്ള ഗവേഷണം അതിവേഗം
കോഴിക്കോട് > പ്രതിരോധക്കോട്ട തീർത്ത് നിപാ വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം രോഗ ഉറവിടം തേടിയുള്ള ഗവേഷണവും സംസ്ഥാനത്ത് പുരോഗമിക്കുന്നു. അന്താരാഷ്‌ട്ര ഏജൻസികളെ പങ്കാളികളാക്കി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആഗോളതല ഗവേഷണം മുന്നേറുന്നതിനിടെയാണ് അഞ്ചാംതവണയും കേരളത്തിൽ നിപാ സ്ഥിരീകരിക്കുന്നത്. ഐസിഎംആറിന് കീഴിൽ പുണെയിലെ എൻഐവിയുമായി ചേർന്ന് അതിവേഗം ബഹുമുഖ ഗവേഷണം പൂർത്തിയാക്കാനാണ് ലക്ഷ്യം. രോഗപ്പകർച്ചയിലെ കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉറവിടനിർണയമെന്ന വെല്ലുവിളി നിറഞ്ഞ പഠനമാണ് എൻഐവിയിലെ ശാസ്‌ത്രജ്ഞ ഡോ. പ്രഖ്യ ഡി യാദവ് കൺവീനറും നിപാ ഗവേഷണ കേന്ദ്രം നോഡൽ ഓഫീസർ ഡോ. ടി എസ് അനീഷ് ജോയിന്റ് കൺവീനറുമായ 13 അംഗ സമിതി നടത്തുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരംഭിച്ച വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ച് ആൻഡ് റസീലിയൻസിലാണ് വവ്വാലിൽനിന്ന് വൈറസ് മനുഷ്യരിലെത്തുന്നത് എങ്ങനെയെന്ന സുപ്രധാന ഗവേഷണം നടക്കുന്നത്. മലേഷ്യയിൽ പന്നികൾ കൂട്ടത്തോടെ ചത്തശേഷം പന്നി കർഷകരിലേക്ക് രോഗമെത്തുകയായിരുന്നു. മൃഗങ്ങൾ ഇടനിലക്കാരായി വരാതെ രോഗബാധ ഉണ്ടായ എവിടെയും പകർച്ച എങ്ങനെയെന്ന് ശാസ്‌ത്രീയമായി കണ്ടെത്തിയിട്ടില്ല. ബംഗ്ലാദേശിൽ പനങ്കള്ള് കുടിച്ചവരിലായിരുന്നു രോഗമെന്നതിനാൽ ഉറവിടം അതാവുമെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. അതും 28 തവണ രോഗബാധയുണ്ടായ ശേഷമാണ് സ്ഥിരീകരിച്ചത്. എന്നാൽ അത്തരം പൊതുഉറവിടം കേരളത്തിലെ നിപാ കേസുകളിൽ ഇല്ല . അന്താരാഷ്‌ട്ര ഏജൻസികളുടെ സഹായത്തോടെ നിപാബാധിത മേഖലകളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് പഠനം. ഇതോടൊപ്പം വവ്വാലുകളുടെ ഇണചേരൽ, ഭക്ഷണം, വവ്വാലുകളുടെ സങ്കേതം, ചലനങ്ങൾ തുടങ്ങിയ ആഴത്തിലുള്ള ഗവേഷണവുമുണ്ട്. Read on deshabhimani.com