നിപാ; 19 പേരുടെ ഫലം ഇന്നറിയാം
മലപ്പുറം > നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 19 പേരുടെ സ്രവ പരിശോധനാഫലം ചൊവ്വാഴ്ച ലഭിക്കും. ഇതിൽ അഞ്ചുപേർ ഹൈറിസ്ക് പട്ടികയിലുൾപ്പെട്ടവരാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിൽനിന്നാണ് സ്രവം പരിശോധിക്കുന്നത്. നിലവിൽ 18 പേർ മഞ്ചേരി, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിലായി ചികിത്സയിലുണ്ട്. എൻഐവിയുടെ മൊബൈൽ ലാബ് കോഴിക്കോട്ടെത്തി. രണ്ടുദിവസം അവിടെ പ്രവർത്തിക്കും. ആവശ്യമായ ഒരുക്കങ്ങൾക്കുശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. രാവിലെ കലക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ പൂണെ എൻഐവിയുടെ ബാറ്റ് സർവൈലൻസ് ടീം തലവൻ ഡോ. ബാലസുബ്രഹ്മണ്യൻ പങ്കെടുത്തു. ഇവർ വവ്വാലുകളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിക്കും (ജെനോമിക് സീക്വൻസിങ്). ഉറവിടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി പക്ഷിമൃഗാദികളുടെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. 10 കന്നുകാലികളുടെ സാമ്പിളുകൾ ശേഖരിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളോടൊപ്പം അനിമൽ ഹസ്ബൻഡറി വകുപ്പും മറ്റെല്ലാ വകുപ്പുകളും കൂട്ടായാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി ഇതുവരെ 7200 വീടുകളിൽ പ്രത്യേക ടീം സന്ദർശനം നടത്തി. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി നിപായുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുജനാരോഗ്യ വകുപ്പ്, സൈബർ വകുപ്പ് എന്നിവ ചുമത്തി വ്യാജവാർത്തകളുണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com