നിപാ സംശയം; മലപ്പുറത്ത് നിരീക്ഷണത്തിലുള്ള 10 പേരുടെ ഫലം നെഗറ്റീവ്



മഞ്ചേരി>  നിപാ സംശയത്തെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള 10 പേരുടെ പരിശോധനാഫലം നെഗറ്റീവ്. വൈറസ് ബാധയേറ്റ് മരിച്ച വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവിന്റെ ബന്ധുക്കളും സമ്പർക്കത്തിലുള്ളവരുമായ പത്തുപേരുടെ സ്രവസാംപിളുകളാണ് പരിശോധിച്ചത്. മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാ​ഗത്തിന് കീഴിൽ പുതുതായി ആരംഭിച്ച ബയോ സേഫ്റ്റി ലെവൽ-2 വൈറോളജി ലാബ് (വിആർഡിഎൽ) ലാബിൽവച്ചായിരിന്നു ആര്‍ടിപിസിആര്‍ പരിശോധന. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഫലം ലഭിച്ചത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും മുൻകൂട്ടി നിശ്ചയിച്ച ദിവസംവരെ ഇവർ നിരീക്ഷണത്തിൽ തുടരും. അതീവ ജാഗ്രതയിലാണ് ഇവർക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യമൊരുക്കിയത്. സ്രവസാംപിളുകൾ ഇവിടെവച്ചുതന്നെ പരിശോധിക്കുന്നതിലൂടെ വൈറസ് ബാധ നേരത്തെ കണ്ടെത്താനും രോ​ഗം മൂർഛിക്കുന്നതിനു മുമ്പുതന്നെ വിദ​ഗ്ധ ചികിൽസ നൽകുവാനും സാധിക്കുമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ. പ്രാഥമിക പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാല്‍ മാത്രം സൂക്ഷ്മപരിശോധനക്കായി പൂണെ വൈറോളജി ലാബിലേക്കയക്കാനാണ് നിർദേശം. Read on deshabhimani.com

Related News