മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; മാസ്ക് ധരിക്കണം
മലപ്പുറം> നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുസ്ഥലത്ത ആളുകൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും മാസ്‌ക് നിർബാന്ധമായും ധരിക്കണമെന്നും ജില്ലാ കളക്ടർ വി ആർ വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപാ ബാധിതനായ കുട്ടിയുടെ വീട് ഉൾപ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും സ്‌കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഇന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടം പൂർണമായും ഒഴിവാക്കണം. പഞ്ചായത്തുകളിൽ മെഡിക്കൽസ്റ്റോറുകൾ ഒഴികെയുള്ള കടകൾ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മദ്രസ തുടങ്ങിയവ പ്രവർത്തിക്കരുത്. വിവാഹം, മരണം അടക്കമുള്ള ചടങ്ങുകൾ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. തിയേറ്ററുകൾ അടച്ചിടും. വവ്വാലും മറ്റുപക്ഷികളും മറ്റു ജീവികളും കടിച്ച പഴങ്ങൾ കഴിക്കരുത്. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രോഗലക്ഷണങ്ങൾ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പിൽ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. സ്വയം ചികിത്സി പാടില്ല. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483-2732010,0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കണം. Read on deshabhimani.com