കേരളത്തിന്റെ ഗവേഷണ സ്ഥാപനങ്ങൾ പ്രതീക്ഷ

ഡോ. ബി ഇക്‌ബാൽ


തിരുവനന്തപുരം > നിപായുമായി ബന്ധപ്പെട്ട്‌ കേരളം ആരംഭിച്ച ഗവേഷണസ്ഥാപനങ്ങൾ അന്താരാഷ്‌ട്ര, ദേശീയതലത്തിൽ വലിയ പ്രതീക്ഷയാണുയർത്തുന്നതെന്ന്‌ ഡോ. ബി ഇക്‌ബാൽ. കേരളത്തിൽ നിപായുടെ സാന്നിധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപാ പഠനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം, തദ്ദേശം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണിത്. ലോകാരോഗ്യസംഘടന പോലെയുള്ള അന്താരാഷ്ട ഏജൻസികളുമായും ബന്ധപ്പെടുന്നുണ്ട്‌. തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയും നിപായുമായി ബന്ധപ്പെട്ട മേഖലകളിൽ മൗലിക ഗവേഷണം നടത്തുന്നുണ്ട്. നിലവിൽ നിപാ നിയന്ത്രണ സംവിധാനങ്ങൾ കേരളത്തിൽ സുസജ്ജമാണ്‌. കാലാവസ്ഥാവ്യതിയാനത്തിന്റെയും മറ്റും ഫലമായി ലോകമെമ്പാടും നിരവധി പകർച്ചവ്യാധികൾ വ്യാപിക്കുന്നുണ്ട്. നിപാ അടക്കം പലരോഗങ്ങൾക്കുള്ള പ്രത്യേക ആന്റി വൈറലുകളും വാക്സിനും ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ നമ്മുടെ ഗവേഷണം വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രോഗനിയന്ത്രണത്തിനുള്ള കൃത്യമായ പെരുമാറ്റചട്ടങ്ങളും കർമ്മപരിപാടികളും ആവിഷ്‌കരിച്ച് ആരോഗ്യവകുപ്പ്‌ കാര്യക്ഷമതയോടെയാണ്‌ പ്രവർത്തിക്കുന്നത്‌. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുകയും അനാവശ്യഭീതി ഒഴിവാക്കുകയുമാണ്‌ ഈ ഘട്ടത്തിൽ വേണ്ടത്‌. സംസ്ഥാനത്ത്‌ ഇതുവരെ നടത്തിയ പഠനങ്ങളിലൊന്നും വവ്വാൽ അല്ലാതെ മറ്റൊരു ജീവിയിലും നിപാ വൈറസ്‌ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വവ്വാൽ കടിച്ചുപേക്ഷിച്ച പഴങ്ങളിലൂടെയാണ്‌ വൈറസ് മനുഷ്യരിലെത്തിയതെന്ന പ്രാഥമിക നിഗമനത്തെ ശക്തിപ്പെടുത്തുന്നതാണിത്‌. Read on deshabhimani.com

Related News