സ്വന്തം പ്രമേയം വഴിയിലുപേക്ഷിച്ച്‌ 
വീണ്ടും പ്രതിപക്ഷ ഒളിച്ചോട്ടം



തിരുവനന്തപുരം അനുമതി ലഭിച്ച അടിയന്തര പ്രമേയത്തിന്റെ ചർച്ച പൂർത്തിയാക്കാൻ നിൽക്കാതെ വീണ്ടും ഒളിച്ചോടി പ്രതിപക്ഷം. ഈ സമ്മേളനത്തിൽ ഇതു രണ്ടാംതവണയാണ്‌ സ്വന്തം അടിയന്തരപ്രമേയം വഴിയിലുപേക്ഷിച്ചുള്ള പ്രതിപക്ഷത്തിന്റെ പരിഹാസ്യ നിലപാട്‌. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്‌. ചർച്ചയ്‌ക്കു തയ്യാറാണെന്ന്‌ ധനമന്ത്രി അറിയിച്ചതോടെ പ്രതിപക്ഷം വെട്ടിലായി. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ വക്കാലത്തുമായാണ്‌ താൻ എത്തിയതെന്ന്‌ ഓർമിപ്പിക്കുന്നതായി നോട്ടീസ്‌ അവതരിപ്പിച്ച മാത്യു കുഴൽനാടന്റെ പ്രസംഗം. കേന്ദ്ര സർക്കാരിനെതിരെ ഒരുവാക്കു പോലും ഉരിയാടാതെ വിഷയംവിട്ട്‌ ആഗോളവൽക്കരണത്തെ വാഴ്‌ത്തലായിരുന്നു ഉടനീളം. സംസ്ഥാന സർക്കാർ പൊതുമേഖലയെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്ന പരാമർശവും അദ്ദേഹത്തിൽനിന്നുണ്ടായി. ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, കണ്ണൂരിൽ എഡിഎം ജീവനൊടുക്കിയ സംഭവം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ചർച്ചയ്‌ക്കു ധനമന്ത്രി മറുപടി പറയവെ, എഴുന്നേറ്റ പ്രതിപക്ഷാംഗം സണ്ണി ജോസഫ്‌ കണ്ണൂർ വിഷയം വീണ്ടും ഉന്നയിച്ച്‌ ബഹളംവച്ചു. തുടർന്ന്‌ പ്രതിപക്ഷാംഗങ്ങൾ  നടുത്തളത്തിലിറങ്ങി.കണ്ണൂർ വിഷയം പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ചിട്ടുണ്ടെന്നും അതിനു മറുപടി നൽകാമെന്നും ധനമന്ത്രി അറിയിച്ചെങ്കിലും സഭ ബഹിഷ്‌കരിക്കുന്നതായി അറിയിച്ച്‌ പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോവുകയുമായിരുന്നു. സ്വന്തം അടിയന്തര പ്രമേയത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്‌ പ്രതിപക്ഷത്തിന്റേതെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. സാധാരണ നോട്ടീസ്‌ അവതരണത്തോടെ അടിയന്തര പ്രമേയം അവസാനിക്കുകയാണ്‌ പതിവ്‌. എന്നാൽ ഈ സമ്മേളനത്തിൽ ഒന്നൊഴികെ എല്ലാ അടിയന്തര പ്രമേയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായി. എന്നാൽ അടിയന്തര പ്രമേയം ദുരുപയോഗിക്കുന്ന തെറ്റായ കീഴ്‌വഴക്കമാണ്‌ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്‌–- പി രാജീവ്‌ പറഞ്ഞു. തിരികെ പോകാനുള്ള ട്രെയിൻ സമയം കണക്കാക്കി സഭ ബഹിഷ്‌കരിക്കുന്ന നിലപാടാണ്‌ പ്രതിപക്ഷത്തിന്റേതെന്ന്‌ മന്ത്രി എം ബി രാജേഷും പറഞ്ഞു. Read on deshabhimani.com

Related News