പിടിച്ചു 
ഞാനവനെന്നെക്കെട്ടി



തിരുവനന്തപുരം തിങ്കളാഴ്ച സഭയിൽനിന്ന്‌ ഒളിച്ചോടിയെന്ന ആക്ഷേപം പൊതുവികാരമാണെന്ന്‌ മനസ്സിലാക്കിയാവണം, സമാന സ്വഭാവമുള്ള വിഷയം ചൊവ്വാഴ്ചയും അടിയന്തര പ്രമേയത്തിന്‌ വിഷയമാക്കി ഉയിർത്തെഴുന്നേൽപ്പിനുള്ള പ്രതിപക്ഷത്തിന്റെ വൃഥാശ്രമം. വീണ്ടും ഓടിയൊളിച്ചാൽ പണി പാളുമെന്നുറപ്പായിരുന്നു. മലപ്പുറം നിറഞ്ഞുനിന്ന ചർച്ച നന്നായി തിരിച്ചടിച്ചെങ്കിലും, മന്ത്രിയുടെ മറുപടിയടക്കം അവർ ‘സഹിഷ്ണുത’യോടെ കേട്ടിരുന്നു. പ്രമേയം ചർച്ച ചെയ്യാമെന്ന്‌ സമ്മതിച്ച മുഖ്യമന്ത്രി കഴിഞ്ഞദിവസത്തെ സ്ഥിതി ആവർത്തിക്കരുതെന്ന്‌ പ്രതിപക്ഷത്തോട്‌ പറയുകയും ചെയ്‌തിരുന്നു. പി നന്ദകുമാറും കെ ടി ജലീലും മലപ്പുറത്തിന്റെ പോരാട്ടചരിത്രവും മതനിരപേക്ഷ പാരമ്പര്യവും ഇടതുസംഭാവനയും നിരത്തി. ജനസംഘവുമായും പിന്നീട്‌ ബിജെപിയുമായും ചേർന്ന്‌ കോൺഗ്രസ്‌ നടത്തിയ വഞ്ചനാപരമായ കൂട്ടുകെട്ടിന്റെ ചരിത്രവും അക്കമിട്ടു. മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടപ്പോൾ ജനസംഘത്തോടൊപ്പം കോൺഗ്രസും ചോദിച്ചൂ, ‘ഇനിയും വേണോ ഒരു കുട്ടിപ്പാക്കിസ്ഥാൻ’ എന്നായിരുന്നു ജലീലിന്റെ അമിട്ട്‌! പ്രതിപക്ഷനിര ചാടിയിറങ്ങിയെങ്കിലും, ജലീൽ തെളിവുകൾ സഹിതം ആവർത്തിച്ചു. ഇ
തോടെ ‘പിടിച്ചു ഞാനവനെന്നെക്കെട്ടി, കൊടുത്തു ഞാനവനെനിക്ക്‌ രണ്ട്‌’ എന്ന ദയനീയ അവസ്ഥയായി പ്രമേയാവതാരകൻ ഷംസുദീനടക്കമുള്ളവർക്ക്‌.  സി എച്ചിന്റെ പ്രസംഗമുൾപ്പെടെ പുസ്തകങ്ങൾ വായിച്ചിട്ടാണ്‌ പറയുന്നത്‌ എന്നുകൂടി ജലീൽ ആണയിട്ടതോടെ പി കെ ബഷീർ എഴുന്നേറ്റ്‌ അമറി. ‘ഈ പുസ്തകമൊന്നും ബഷീർ വായിച്ചിട്ടില്ല’ എന്ന്‌ ജലീൽ ഉറപ്പിക്കുകകൂടി ചെയ്തതോടെ പിടിവിട്ടു. ഇടഞ്ഞ ആനയെ തോട്ടിയിടാനെന്നപോലെ നാലോ അഞ്ചോ ലീഗുകാർ വട്ടംപിടിച്ച്‌ ഒന്നിരുത്തി. ജലീലിനെതിരെ പ്രയോഗിച്ച അധിക്ഷേപവാക്ക്‌ നാലുതവണ ബഷീർ ആവർത്തിച്ചു. മറുപക്ഷത്തെങ്ങാനും ആയിരുന്നെങ്കിലോ? ചാനലുകളിൽ ഫ്ലാഷ്‌ ബോംബ്‌, ഭാഷാപണ്ഡിതരുടെ ചർച്ച, ഹൈക്കോടതിയിൽ ഹർജി, നിയമസഭാമാർച്ച്‌, ജലപീരങ്കി. യുഡിഎഫ്‌ അംഗമായതുകൊണ്ട്‌ ‘സഭാരേഖയിൽനിന്ന്‌ നീക്കി’ എന്നതുമതി. Read on deshabhimani.com

Related News