‘അവിടെ മൈക്ക്‌ കൊടുക്കു, എനി ബഡി ടു സ്പീക്ക്‌ ? അവിടെ കുറച്ച് വെള്ളമെടുക്കട്ടെ



സൂക്ഷ്‌മ ഇടത്തരം വ്യവസായങ്ങൾ സുഗമമാക്കൽ, വ്യവസായ ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ തുടങ്ങി കാര്യഗൗരവമുള്ള ബില്ലുകളിലുള്ള ഭേദഗതികളിലായിരുന്നു ചർച്ച. വ്യവസായിക പുരോഗതി നിർബന്ധമായും പ്രതിപാദിക്കപ്പെട്ടു. ലീഗിലെ ഷംസുദീനടക്കം അത്‌ മറച്ചുവയ്ക്കാതെ, ചില നിർദേശങ്ങളും മുന്നോട്ടുവച്ചു. പ്രസംഗിക്കുമ്പോഴൊക്കെ മുഖ്യമന്ത്രിയെയും കുടുംബത്തെയും വലിച്ചിഴച്ച്‌ അനാവശ്യ പ്രകോപനമുണ്ടാക്കുന്ന മാത്യു കുഴൽനാടൻ ധീരരക്തസാക്ഷിയായ പുഷ്പനെയും വെറുതെവിട്ടില്ലെന്നത്‌ പ്രതിപക്ഷ നിരയിലുള്ളവരുടെപോലും നെറ്റിചുളിപ്പിച്ചു.  മന്ത്രി പി രാജീവ്‌ ഓരോന്നിനും അക്കമിട്ട്‌ മറുപടി പറഞ്ഞപ്പോൾ വിമർശകർ പഴയ കാളവണ്ടിയിലും വ്യവസായവകുപ്പ്‌ ഡിജിറ്റൽ യുഗത്തിലുമാണെന്ന പ്രതീതിയാണുണ്ടായത്‌.   ഷംസുദ്ദീന്റെ സമയമെടുത്ത്‌ ടി വി ഇബ്രാഹിം കാടുകയറിയപ്പോൾ സ്പീക്കർ എ എൻ ഷംസീറിന്‌ സംശയമായി ‘ആരാണ്‌ ശരിക്കും സംസാരിക്കുന്നത്‌ ?’ കഴിഞ്ഞ ദിവസം ആരാണ്‌ പ്രതിപക്ഷ നേതാവ്‌ എന്ന്‌ ചോദിച്ചിരുന്നു. കുഴൽനാടൻ പ്രതിപക്ഷനേതാവിനെ വകവയ്ക്കാതെ പ്രസംഗിച്ചപ്പോഴാണത്‌. വ്യാഴാഴ്‌ച സഭയുടെ ആകെ നിയന്ത്രണം ഏറ്റെടുത്ത ഭാവമായിരുന്നു കുഴൽനാടന്‌. ‘അവിടെ മൈക്ക്‌ കൊടുക്കു, എനി ബഡി ടു സ്പീക്ക്‌ ? യെസ്‌ പോയിന്റ്‌ ഓഫ്‌ ഓർഡർ .. ’ തുടങ്ങിയ നിർദേശങ്ങൾ തുടർന്നപ്പോൾ ഒട്ടും കാത്തുനിൽക്കാതെ മന്ത്രി എം ബി രാജേഷ്‌ എഴുന്നേറ്റു:  ‘ഒരാളുടെ ഔദ്ധത്യ പ്രകടനമാണോ ഇവിടെ നടക്കുന്നത്‌ ?’ താമസിയാതെ ഷംസീർ സീറ്റിൽ തിരിച്ചെത്തി, കുഴൽനാടന്‌ മുന്നറിയിപ്പും നൽകി. അടിയന്തര പ്രമേയ ചർച്ചയിൽ പിഎസ്‌സി നിയമനം കുറവാണെന്ന്‌ കാണിക്കാൻ വിഷ്ണുനാഥ്‌ കൊണ്ടുവന്ന, കേരളത്തിന്റെ സാഹചര്യവുമായി യോജിക്കാത്ത, സർവേയെ പാർലമെന്റിലെ കണക്കുകൊണ്ടാണ്‌  മന്ത്രി കെ എൻ ബാലഗോപാൽ അപ്രസക്തമാക്കിയത്‌. അതേസമയം, സൂക്ഷ്‌മ ചെറുകിട വ്യാവസായിക, സ്റ്റാർട്ടപ്പ്‌ മേഖലകളിലെല്ലാം കൈവരിച്ച നേട്ടങ്ങളും തൊഴിലും കാണാതിരിക്കുന്നതിലെ ദുഷ്ടലാക്കും മന്ത്രി ചൂണ്ടിക്കാണിക്കാതിരുന്നില്ല. ഒട്ടും ആകർഷകമല്ലാത്ത സർക്കാർ ജോലി എന്ന വിഷ്ണുനാഥിന്റെ പ്രയോഗം പ്രമേയത്തെ തന്നെ നിഷ്‌പ്രഭമാക്കുകയും ചെയ്തു. Read on deshabhimani.com

Related News