ഉത്തരവാദിത്ത ടൂറിസം: പദ്ധതി വിപുലീകരണത്തിനായി 6.64 കോടി രൂപയുടെ ഭരണാനുമതി



തിരുവനന്തപുരം > പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സർക്കാർ 6.64 കോടി രൂപയുടെ ഭരണാനുമതി നൽകി. 2024-25 സാമ്പത്തിക വർഷത്തിൽ ഉത്തരവാദിത്ത ടൂറിസത്തിൻറെ ഭാഗമായുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും തുടർ വികസന പ്രവർത്തനങ്ങൾക്കുമായിട്ടാണ് 6,64,99,621 രൂപ വകയിരുത്തിയിട്ടുള്ളത്. ശാസ്ത്രീയവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തരത്തിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൈത്തൊഴിലുകൾ, കലകൾ, കരകൗശല വിദ്യ, നാടൻ ഭക്ഷണം തുടങ്ങിയവയുമായി കോർത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമാകും.   ബേപ്പൂർ ആർടി പദ്ധതി വികസനം (1,15,00,000 രൂപ), ആർടി മിഷൻ പ്രൊമോഷൻ, മാർക്കറ്റിങ് (1,00,00,000 രൂപ), ആർടി മിഷൻ സൊസൈറ്റി 2024-25 രണ്ടം ഘട്ട വികസനം (90,99,381 രൂപ), പങ്കാളിത്ത വിനോദസഞ്ചാര പദ്ധതികളുടെ തുടർച്ച (50,00,000 രൂപ), ആർടി പരിശീലന പരിപാടി (38,10,000 രൂപ) എന്നീ പദ്ധതികൾക്കായും തുക അനുവദിച്ചിട്ടുണ്ട്. ഭരണ, പ്രവർത്തന ചെലവുകളുടെ ആദ്യഘട്ടത്തിനായി 89,81,240 രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. വലിയപറമ്പ, ബേഡഡുക്ക, ധർമ്മടം, പിണറായി, അഞ്ചരക്കണ്ടി, കടലുണ്ടി, കൂടരഞ്ഞി, കൂരാച്ചുണ്ട്, നെല്യാടി, ചേകാടി, തിരുനെല്ലി, നെല്ലിയാമ്പതി, തിരുവില്വാമല, തൃത്താല, പട്ടിത്തറ, മുഹമ്മ, ചെമ്പ്, കുമരകം, മറവൻതുരുത്ത്, കാന്തല്ലൂർ, വട്ടവട, ആറൻമുള, മൺറോതുരുത്ത്, അഞ്ചുതെങ്ങ്, സാമ്പ്രാണിക്കോടി, പനങ്ങാട്, വെള്ളറട, അമ്പൂരി, വിതുര എന്നിവ ആർടി പദ്ധതികളുടെ തുടർനടപടികൾ ആസൂത്രണം ചെയ്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ആർടി യൂണിറ്റ് പ്രതിനിധികൾ, കമ്മ്യൂണിറ്റി ടൂർ ലീഡർ, ഹോംസ്റ്റേകൾ, ഫാം/അഗ്രി ടൂറിസം, സർവീസ്ഡ് വില്ല, പാചകരീതി എന്നിവയിലുള്ള പരിശീലനത്തിനു പുറമേ കുമരകത്തെ ആർടി കേന്ദ്രത്തിൽ വിനോദസഞ്ചാര മേഖലയിൽ ഡിജിറ്റൽ വിപണനം സംയോജിപ്പിക്കുന്നതിനും നിർമിത ബുദ്ധിയിലും പരിശീലനം നൽകും. സുസ്ഥിര ടൂറിസം വികസനത്തോടൊപ്പം ടൂറിസം വ്യവസായത്തിൻറെ ഗുണഫലങ്ങൾ പ്രാദേശിക സമൂഹത്തിലേക്ക് കൂടി എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ചതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആർടിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിലൂടെ വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരെ ആകർഷിക്കാൻ സാധിക്കും. ഇതോടെ കേരളം മുന്നോട്ടുവയ്ക്കുന്ന സുസ്ഥിര, അനുഭവവേദ്യ വിനോദസഞ്ചാര പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാകും. കേന്ദ്ര സർക്കാരിൻറെ മികച്ച റൂറൽ ടൂറിസം വില്ലേജ് അവാർഡിൽ ഇത്തവണ ഉത്തരവാദിത്ത മിഷന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്. ഉത്തരവാദിത്ത മിഷൻ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയ കടലുണ്ടി ഗ്രാമപഞ്ചായത്തിന് ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡും കുമരകം ഗ്രാമപഞ്ചായത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ കാന്തല്ലൂരിന് സുവർണ്ണ പുരസ്കാരവും ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. 2008ൽ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം മിഷനിൽ 25188 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 17632 യൂണിറ്റുകൾ പൂർണ്ണമായും സ്ത്രീകളുടേതോ സ്ത്രീകൾ നേതൃത്വം നൽകുന്നതോ ആണ്. പദ്ധതി വഴി 52344 പേർക്ക് നേരിട്ടും 98432 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചിട്ടുണ്ട്. ഒന്നര ലക്ഷം ഗുണഭോക്താക്കളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്.   Read on deshabhimani.com

Related News