ഊർജ്ജ വ്യവസായത്തിലെ ലോകപ്രശസ്ത കമ്പനി എൻഒവി ഗ്ലോബൽ കേപബിലിറ്റി സെന്റർ കൊച്ചിയിൽ പ്രവർത്തനം തുടങ്ങി



കൊച്ചി > ആഗോള ഊർജ്ജ വ്യവസായത്തിലെ പ്രധാന സാങ്കേതിക വിദ്യാദാതാക്കളായ എൻഒവിയുടെ ഗ്ലോബൽ കേപബിലിറ്റി സെന്റർർ കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. എണ്ണ - വാതക മേഖലയിൽ കാര്യക്ഷമത, സുരക്ഷിതത്വം, പാരിസ്ഥിതിക സന്തുലനം എന്നിവ ലക്ഷ്യമിട്ട് ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള ബഹുരാഷ്ട്ര കമ്പനിയാണ് എൻഒവി. കൊച്ചി ഇൻഫോപാർക്കിലെ ലുലു ടവർ -രണ്ടിൽ പ്രവർത്തനം തുടങ്ങിയ എൻഒവി ഗ്ലോബൽ കേപബിലിറ്റി സെന്റർ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഉയർന്ന നൈപുണ്യ മികവുള്ള കേരളത്തിന്റെ വ്യവസായ -പാരിസ്ഥിതികാന്തരീക്ഷം ലോകോത്തരമാണെന്ന് ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കവെ പി രാജീവ് പറഞ്ഞു. ഊർജ്ജ മേഖലയിൽ നൂതനത്വവും മികവും ഉറപ്പുവരുത്തുന്ന ഗ്ലോബൽ കേപബിലിറ്റി സെന്റർ എന്ന നിലയിൽ കൊച്ചി കേന്ദ്രത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് എൻഒവി ഡിജിറ്റൽ ടെക്നോളജി സർവ്വീസസ് ഡയറക്ടർ സ്റ്റാലി ജോർഡൻ പറഞ്ഞു. ഇന്ത്യയിലെ മികച്ച പ്രതിഭകളെ ഉപയോഗപ്പെടുത്താൻ പുതിയ സെന്റർ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് സെന്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവ്വീസസ്, കസ്റ്റമർ സപ്പോർട്ട് സെന്റർ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധയൂന്നിയാവും കൊച്ചി കേന്ദ്രം പ്രവർത്തിക്കുക. എൻഒവി ഉൽപന്നങ്ങളുടെ വൈവിധ്യം ലക്ഷ്യമിട്ട് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക, സ്ഥാപനത്തിന്റെ ആഭ്യന്തര ഡിജിറ്റൽ പരിവർത്തനം സുഗമമാക്കുക, ആഗോള ഉപഭോക്തൃ സേവനം വിപുലപ്പെടുത്തുക എന്നിവയാണ് കൊച്ചി കേന്ദ്രം വഴി എൻഒവി ലക്ഷ്യമിടുന്നത്. 1862 ൽ രൂപീകൃതമായ എൻഒവി 52 രാജ്യങ്ങളിലായി 552 കേന്ദ്രങ്ങളിൽ സാന്നിധ്യമുള്ള ബഹുരാഷ്ട്ര കമ്പനിയാണ്. പാരമ്പര്യേതര - ആഴക്കടൽ എണ്ണ - വാതക ഖനനത്തിനായി ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും മുൻനിരയിലുള്ള കമ്പനിയുമാണ്. ലോകോത്തര കമ്പനികൾ കേരളം പ്രവർത്തന കേന്ദ്രമാക്കുന്നതിലെ മറ്റൊരു ഉദാഹരണമാണ് എൻഒവി എന്നും മന്ത്രി പി രാജീവ് പറഞ്ഞു. Read on deshabhimani.com

Related News