ഇനി ജനങ്ങളിലേക്ക്



 കൊച്ചി കൊച്ചിയുടെ ചരിത്ര, -സാംസ്കാരിക, സർഗാത്മക സവിശേഷതകളെ കോർത്തിണക്കിയ നയരേഖയുടെ കരടിന്റെ ആദ്യ അവതരണം നടത്തി. രാജ്യത്ത്‌ നഗരത്തിനായി തയ്യാറാക്കുന്ന ആദ്യ സാംസ്കാരിക നയരേഖയുടെ അവതരണമാണ്‌ നടന്നത്‌. എംജി സർവകലാശാല സെന്റർ ഫോർ അർബൻ സ്റ്റഡീസും കൊച്ചി കോർപറേഷന്‌ കീഴിലെ സി- ഹെഡും ചേർന്നാണ് കരട് തയ്യാറാക്കിയത്. സുസ്ഥിര വികസനത്തിനായുള്ള നഗരനയം, ഭാഷാ സംസ്കാരം, പ്രായോഗിക വാസ്തുവിദ്യ, പ്രായോഗിക കല, കൊച്ചിയുടെ കൾച്ചറൽ ഹബ്ബ് രൂപരേഖ, പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ പ്രത്യേകത, ലിംഗസമത്വ സമഗ്രത, പരിസ്ഥിതി, ആധുനിക സാങ്കേതികവിദ്യ, ശിശുകേന്ദ്ര ഇടങ്ങൾ തുടങ്ങിയ 11  ഉപവിഭാഗങ്ങളായി തിരിച്ച നയരേഖാനിർദേശങ്ങളിൽ വിപുലമായ ചർച്ച നടന്നു. കാർഷികസംസ്കാരം, ഭക്ഷണവൈവിധ്യം, ഭാഷാസംസ്കാരം, ലോകത്തിലെ പ്രധാന കടലോരനഗരം എന്നനിലയിൽ കൊച്ചിയുടെ മറ്റ് നഗരങ്ങളുമായുള്ള സാംസ്കാരിക ബന്ധങ്ങൾ, ജൈവവൈവിധ്യം, തൊഴിൽസംസ്കാരം, ദേശീയ അന്തർദേശീയ സംസ്കാരങ്ങളുടെ സമന്വയം തുടങ്ങിയ കാര്യങ്ങൾകൂടി സംസ്കാരിക നയരേഖയുടെ ഭാഗമാകണം എന്ന് യോഗം വിലയിരുത്തി. നയരേഖയുടെ കരട് പൊതുജനങ്ങളുടെ പരിശോധനയ്‌ക്കായി ഉടൻ പ്രസിദ്ധീകരിക്കുമെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. താൽപ്പര്യമുള്ളവർക്കെല്ലാം അഭിപ്രായം എഴുതി അറിയിക്കാം. ഇതിൽ പരിഗണിക്കേണ്ടവ ഉൾപ്പെടുത്തി സമഗ്ര നയരേഖ കൗൺസിൽ അനുമതിയോടെ പ്രസിദ്ധീകരിക്കുമെന്നും മേയർ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ ജെ സനിൽമോൻ, വി എ ശ്രീജിത്ത്‌, പി ആർ റെനീഷ്, ഷീബ ലാൽ, വി കെ മിനിമോൾ, പ്രിയ പ്രശാന്ത്, കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ, സി ഹെഡ് ഡയറക്ടർ ഡോ. രാജൻ ചെടമ്പത്ത് എന്നിവരും സാംസ്കാരിക പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. എംജി സർവകലാശാല സെന്റർ ഫോർ അർബൻ സ്റ്റഡീസ് ഡയറക്ടർ മാത്യു എ വർഗീസ്  കരട് നയരേഖ അവതരിപ്പിച്ചു. Read on deshabhimani.com

Related News