എൻഎസ്‌എസ്‌ പ്രവർത്തനങ്ങൾ 
മാതൃകാപരം: മുഖ്യമന്ത്രി



തിരുവനന്തപുരം മാതൃകാപരമായ പ്രവർത്തനമാണ്‌ നാഷണൽ സർവീസ്‌ സ്‌കീം (എൻഎസ്‌എസ്‌) ഏറ്റെടുത്ത്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന എൻഎസ്‌എസ്‌ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷലിപ്‌തമായ പ്രചാരണത്തിലൂടെ മനുഷ്യരിൽ വിഷം നിറയ്‌ക്കാനുള്ള ശ്രമം നടക്കുമ്പോൾ സമൂഹത്തെ നേരായ വഴിയിലേക്ക്‌ നയിക്കാനുള്ള സന്ദേശമാണ്‌ എൻഎസ്‌എസ്‌ പകരുന്നത്‌. മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്ന സന്ദേശമാണ്‌ എൻഎസ്‌എസ്‌ ഗാനം നൽകുന്നത്‌. ക്ഷേമ സേവന മേഖലകളിൽ എൻഎസ്‌എസിന്റെ സംഭാവനകൾ പ്രശംസനീയമാണ്‌. ആതുരസേവന രംഗത്തും മാതൃകാപരമായ പ്രവർത്തനമാണ്‌ എൻഎസ്‌എസ്‌ നടത്തുന്നത്‌. സഹപാഠികളിൽ വീടില്ലാത്തവർക്ക്‌ പാർപ്പിടമൊരുക്കുന്നതിനുള്ള ഇടപെടലും അഭിനന്ദനാർഹമാണ്‌. സേവന, ക്ഷേമ മേഖലകളിലെ സംഭാവന കണക്കിലെടുത്തുള്ള പരിഗണന സർക്കാർ എൻഎസ്‌എസിന്‌ നൽകുന്നുണ്ട്‌. കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപ മാറ്റിവച്ചത്‌ ഈ സംഭാവനകൾ പരിഗണിച്ചാണ്‌. ചൂരൽമല, മുണ്ടക്കൈ ദുരന്ത ഘട്ടങ്ങളിലും എൻഎസ്‌എസിന്‌ നന്നായി ഇടപെടാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. വി കെ പ്രശാന്ത്‌ എംഎൽഎ, എൻഎസ്‌എസ്‌ റീജണൽ ഡയറക്ടർ പി എൻ സന്തോഷ്‌, ഇടിഐ ട്രെയിനിങ്‌ കോഓർഡിനേറ്റർ എൻ എം സണ്ണി, സംസ്ഥാന എൻഎസ്‌എസ്‌ ഓഫീസർ ആർ എൻ അൻസാർ, കേരള സർവകലാശാല എൻഎസ്‌എസ്‌ പ്രോഗ്രാം കോഓർഡിനേറ്റർ എ ഷാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News