അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
പത്തനംതിട്ട > നഴ്‌സിങ് വിദ്യാർഥി അമ്മു സജീവന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും വീണ്ടും റിമാൻഡിൽ വിട്ടു. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് രാവിലെ 11നാണ് പ്രതികളെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ജാമ്യം ലഭിച്ചാൽ പ്രതികൾ അന്വേഷണം അട്ടിമറിക്കും എന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. കേസിൽ പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധന നിയമവും ചേർത്ത് അന്വേഷണ ചുമതല ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. അറസ്റ്റിലായ മൂന്ന് പെൺകുട്ടികൾക്കെതിരെ അമ്മു സജീവന്റെ മരണത്തിൽ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിരന്തരമായ മാനസിക പീഡനം ഇവരിൽ നിന്ന് അമ്മു നേരിട്ടെന്നായിരുന്നു ആരോപണം. വിദ്യാർഥിയുടെ ആത്മഹത്യക്ക് മുൻപ് മൂവർക്കുമെതിരെ പിതാവ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ മൂവർക്കുമെതിരെ മെമ്മോ നൽകിയതും അന്വേഷണത്തിൽ നിർണായകമായി. ഇതിന് പുറമെ അമ്മുവിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്തും ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരെയുള്ള കുടുംബത്തിന്റെ ആരോപണങ്ങൾക്ക് ബലം നൽകി. പിതാവ് ഉൾപ്പെടെയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയാണ് സഹപാഠികളുടെ അറസ്റ്റിലേക്ക് പൊലീസ് എത്തിയത്. നവംബർ 15 നാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. Read on deshabhimani.com