ഇതൊക്കെയെന്ത്! എഴുപതിലും ഫിറ്റാണ് വൈറൽ മുത്തശ്ശി



പാലക്കാട്‌ > പാലക്കാട് എലവഞ്ചേരി പഞ്ചായത്തിലെ ഓപ്പൺ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വ്യായാമം ചെയ്യാൻ മടിയുള്ളവരോടൊക്കെ ഇതൊക്കെയെന്ത് എന്ന് ചോദിക്കുന്ന ഭാ​വത്തിൽ ജിമ്മിലെ മെഷീനുകളിൽ അനായാസം കയറിയിറങ്ങുന്ന എഴുപതുകാരിയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വയോജനങ്ങൾക്കുവേണ്ടി പാലക്കാട് ജില്ലാ പഞ്ചായത്ത് നിർമിച്ച ഓപ്പൺ ജിം ഒന്ന് കണ്ടു പോകാനാണ് കരിങ്കുളം കിടങ്ങറ വീട്ടിൽ തങ്ക രാമൻകുട്ടി നാല് മാസം മുൻപ് ഇങ്ങോട്ടെത്തിയത്. പിന്നയത് നിത്യജീവിതത്തിന്റെ ഭാ​ഗമായി. പകൽ തൊഴിലുറപ്പ്‌ തൊഴിലിനും പാടത്തും മറ്റുമൊക്കെയുള്ള വിവിധ പണികൾ കഴിഞ്ഞ്‌ വൈകിട്ട്‌ ആറോടുകൂടി തങ്ക ഓപ്പൺ ജിമ്മിലെത്തും. പിന്നെ മുക്കാൽ മണിക്കൂറോളം വ്യായാമം. ആദ്യമൊന്നും എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നത് കണ്ട് പഠിച്ചു. വ്യായാമം ചെയ്യാൻ തുടങ്ങിയതോടെ താൻ പഴയതിലുമേറെ ആരോ​ഗ്യവതിയും ഉത്സാഹവതിയുമായെന്നാണ് തങ്ക മുത്തശ്ശി പറയുന്നത്.  തങ്ക മാത്രംമല്ല ആ നാട്ടിലെ മുത്തശ്ശിമാരെയെല്ലാം ‘ഫിറ്റ്‌നെസ്‌ ഫ്രീക്ക്‌’ ആക്കിയ അഭിമാന കഥയാണ്‌ എലവഞ്ചേരി പഞ്ചായത്തിന്‌ പറയാനുള്ളത്‌. പതിവായി തങ്കം ജിമ്മിലെത്തിയതോടെ മടിച്ചുനിന്ന പലരും പ്രായം മറന്ന്‌ ചുറുചുറുക്കോടെ ഒപ്പമെത്തി. ജീവിതശൈലീരോഗങ്ങളും വാർധക്യവും പിടിമുറുക്കുമ്പോൾ ആരോഗ്യം മെച്ചപ്പെടുത്താൻ ജിമ്മിലെ വ്യായാമം സഹായിക്കുമെന്ന അത്മവിശ്വാസത്തിന്റെ പുറത്താണിത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്‌ വിനിയോഗിച്ച്‌ നിർമിച്ച ജിം ജൂലൈ എട്ടിനാണ്‌ തുറന്നുകൊടുത്തത്‌. ജിം വയോജനങ്ങൾക്കുവേണ്ടിയാണെങ്കിലും വർക്കൗട്ടിനെത്തുന്ന ആരെയും പഞ്ചായത്ത്‌ നിരാശരാക്കുന്നില്ല. എല്ലാവർക്കും ഇവിടെ സ്വാഗതം. തങ്ക വർക്ക്‌ ഔട്ട്‌ വീഡിയോ പഞ്ചായത്തിലെ ജീവനക്കാരിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്‌. സംഭവം വൈറലായി. പുഷ്അപ് ബാർ, ഹൈപ്പർ എക്സ്സ്റ്റെൻഷൻ, ട്വിസ്റ്റർ, എയർ വാക്കർ, ട്വിസ്റ്റർ ട്രിപ്പിൾ സ്റ്റാൻഡിങ്‌, സ്റ്റെപ് ക്ലൈമ്പർ, അപ്‍ഡോമിനൽ ബോർഡ്, ഹിപ് ഫ്ലെച്ചർ ബോർഡ്, ലെഗ് പ്രസ്, പാർക്ക് ബെഞ്ച്, ഓർബിട്രാക് വാക്കർ, സൈക്കിളുകൾ എന്നിവയെല്ലാം ജിമ്മിൽ ഒരുക്കിയിട്ടുണ്ട്‌. പഞ്ചായത്തിന്റെ 12 സെന്റ്‌ സ്ഥലത്ത്‌ വയോജനങ്ങൾക്കായി നിർമിക്കുന്ന പകൽവീടിനൊപ്പമുള്ള അഞ്ച്‌ സെന്റ്‌ സ്ഥലത്താണ്‌ ജിമ്മിന്റെ പ്രവർത്തനം. പകൽവീടിന്‌ 20 ലക്ഷവും ജിമ്മിന് 10 ലക്ഷവും ജില്ലാ പഞ്ചായത്ത്‌ നൽകി. പകൽവീടിന്റെ നിർമാണവും ഉടൻ പൂർത്തിയാകും. ജിമ്മിന്‌ ചുറ്റുമതിലും റൂഫിങ്ങും നൽകി കൂടുതൽ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ പറഞ്ഞു. Read on deshabhimani.com

Related News