നൂറ്റാണ്ടിന്റെ ചരിത്രസാക്ഷി
ആധുനിക കേരളത്തിന്റെ ചരിത്രത്തോളം ദൈർഘ്യമേറിയതാണ് ഓംചേരി എൻ എൻ പിള്ളയുടെ സംഭവബഹുലമായ ജീവിതം. ദേശീയപ്രസ്ഥാനത്തിന്റെയും കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങളുടെയും നൂറ്റാണ്ട് നീണ്ട ചരിത്രംകൂടിയാണ് ഓംചേരിയുടെ ജീവചരിത്രം. കുട്ടിക്കാലംമുതലുണ്ടായിരുന്ന കർമോത്സുകതയും പ്രായത്തിൽ കവിഞ്ഞ ആത്മബലവും നടന്ന വഴികളെല്ലാം വിജയത്തിന്റേതാക്കി മാറ്റി. ദേശീയപ്രസ്ഥാനത്തോടും സാഹിത്യത്തോടുമുള്ള ജ്യേഷ്‌ഠന്റെ ആഭിമുഖ്യമാണ് തന്നിലും സാഹിത്യാഭിരുചിയും സ്വാതന്ത്ര്യവാഞ്ഛയും വളർത്തിയതെന്ന് ഓംചേരി പറഞ്ഞിട്ടുണ്ട്. വീടിന്റെ ചുവരിൽ ശ്രീരാമകൃഷ്‌ണൻ, വിവേകാനന്ദൻ, ഗാന്ധിജി, നെഹ്‌റു, ഭഗത്‌സിങ്, രാജഗുരു തുടങ്ങിവരുടെയെല്ലാം ചിത്രങ്ങളുണ്ടായിരുന്നു. അവരെക്കുറിച്ച് അച്ഛൻ പറഞ്ഞുകൊടുത്ത കഥകൾ ഉള്ളിൽ ആവേശമുണർത്തി. വിക്ടർ ഹ്യൂഗോയുടെ പാവങ്ങളും ബംഗാളി നോവലുകളും, വീട്ടിൽ വരുത്തിയിരുന്ന സ്വദേശാഭിമാനി, ലക്ഷ്‌മിബായി, കവനകൗമുദി മാസികകളുമെല്ലാം വിശാലമായ ലോകത്തെക്കുറിച്ച് അറിവ് നൽകി. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ വൈക്കത്ത് വന്ന ഗാന്ധിജിയെ വഴിയരികിൽനിന്ന് കണ്ടതിനെക്കുറിച്ചും അഭിമാനത്തോടെ ഓംചേരി ആത്മകഥയിൽ എഴുതി. അച്ഛന് വന്ന കത്തുകളിൽ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ കൈപ്പട കണ്ടതും മറന്നില്ല. പ്രഭാതം പത്രത്തിൽ ജോലി ഉറപ്പിച്ചശേഷമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ബിഎ പഠനം തുടങ്ങിയത്. പഠനച്ചെലവിന് അങ്ങനെ പണം കണ്ടെത്തി. കവിതയെഴുത്ത്, പത്രപ്രവർത്തനം, വിദ്യാർഥി കോൺഗ്രസിൽ പ്രവർത്തനം എന്നിവ പഠനത്തിനൊപ്പമുണ്ടായി. കൗമുദി പത്രാധിപരായിരുന്ന കെ ബാലകൃഷ്‌ണന്റെ പ്രസംഗം കേൾക്കാൻ ചെന്നപ്പോഴാണ് ബോധേശ്വരന്റെ കേരളഗാനം അതിമനോഹരമായി പാടിയ കമുകറ ലീലാബായ് മനസ്സിൽ കയറിക്കൂടിയത്. ഗാന്ധിജി വധിക്കപ്പെട്ട വേളയിൽ ഓംചേരി എഴുതി ആകാശവാണിക്ക് അയച്ച കവിത ആലപിച്ചതും ലീലയായിരുന്നു. അപ്പോഴേക്കും പ്രണയം പരസ്യമായിക്കഴിഞ്ഞിരുന്നു. പ്രശസ്‌ത ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയായിരുന്നു അവർ. 1950 മാർച്ച് 24ന് വിവാഹം. ഡൽഹിയിൽ എത്തിയശേഷം സംഗീതത്തിൽ ഉപരിപഠനവും ഗവേഷണവും തുടർന്ന കമുകറ ലീല പ്രൊഫ. ലീല ഓംചേരി എന്ന പേരിൽ പ്രശസ്‌തയായി. സമുദായ പ്രതിനിധികളായ സാമാജികന്മാർ സഭയിൽ ചർച്ച ചെയ്‌തിരുന്നത് അവരവരുടെ സമുദായതാൽപ്പര്യങ്ങൾ മുൻനിർത്തിയായിരുന്നു. വിദ്യാർഥിയായിരിക്കെ അതിനെ പരിഹസിച്ചാണ് ആദ്യനാടകം ‘നോട്ടീസ് വേണം’ എഴുതുന്നത്. ലോക്സഭയിൽ പ്രതിപക്ഷനേതാവായിരുന്ന എ കെ ജിയുടെ പ്രേരണയിൽ ഡൽഹിയിൽവച്ചാണ് അടുത്ത നാടകം രചിച്ചത്. ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന നാടകത്തിൽ അഭിനയിച്ചത് എംപിമാരായിരുന്ന കെ സി ജോർജ്, പി ടി പുന്നൂസ്, ഇമ്പിച്ചിബാവ, വി പി നായർ തുടങ്ങിയവരാണ്. 1963-ൽ എക്സ്‌പെരിമെന്റൽ തിയറ്റർ രൂപീകരിച്ചു. ‘ചെരിപ്പ് കടിക്കില്ല' എന്ന നാടകത്തിൽ നടൻ മധുവും അഭിനയിച്ചു. 1972ൽ ‘പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരവും ലഭിച്ചു. 2010ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. നാടകരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് 2019ൽ സംസ്ഥാന സർക്കാരിന്റെ എസ്‌എൽ പുരം അവാർഡ് ലഭിച്ചു. ഒമ്പതു മുഴുനീളനാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി കൈരളിക്ക് സമ്മാനിച്ചു. നാടകങ്ങളും പഠനങ്ങളുമടക്കം ‘ഓംചേരിയുടെ സമ്പൂർണ കൃതികൾ’ എസ്‌പിസിഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസർവീസിൽനിന്ന് വിരമിച്ചശേഷം എഴുത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പുറമെ ഡൽഹി ഭാരതീയ വിദ്യാഭവനിൽ കമ്യൂണിക്കേഷൻ മാനേജ്മെന്റ് കോളേജിന്റെ പ്രിൻസിപ്പൽ എന്നീ നിലയിലും കർമനിരതനായിരുന്നു. മറ്റ് അംഗീകാരങ്ങൾ സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡ്, 2020ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന സർക്കാരിന്റെ പ്രഥമ കേരളപ്രഭ പുരസ്‌കാരം, സംഗീതനാടക അക്കാദമിയുടെ പ്രവാസി കലാരത്ന അവാർഡ്, ബഹ്‌റൈൻ കേരളസമാജം സാഹിത്യ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. പ്രധാന കൃതികൾ വികാസരേഖകൾ, ലക്ഷ്യവും മാർഗവും, വികാരങ്ങൾ, വിചാരങ്ങൾ: കാഴ്‌ചകൾ കാഴ്‌ചപ്പാടുകൾ (പഠനങ്ങൾ, ലേഖനങ്ങൾ), പ്രളയം, തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു, ഉലകുട പെരുമാൾ, സൂക്ഷിക്കുക വഴിയിൽ ഭക്തന്മാരുണ്ട്, ചെരുപ്പ് കടിക്കില്ല, ഈ വെളിച്ചം നിങ്ങളുടേതാകുന്നു, യേശുവും ഞാനും, നോക്കുകുത്തിത്തെയ്യം, അധിനിവേശം, നോട്ടീസ് വേണം, മിണ്ടാപ്പൂച്ചകൾ, നല്ലവനായ ഗോഡ്‌സെ, ആകസ്‌മികം (ആത്മകഥ) Read on deshabhimani.com