ഓണച്ചന്തകൾ ; 3000 ടൺ പഴം, പച്ചക്കറി വിപണിയിലെത്തിക്കും
തിരുവനന്തപുരം 2000 ഓണച്ചന്തകൾക്കായി കൃഷി വകുപ്പ് എത്തിക്കുന്നത് 3000 ടൺ പഴങ്ങളും പച്ചക്കറിയും. 11 മുതൽ പതിനാലുവരെ ചന്ത പ്രവർത്തിക്കും. 1076 എണ്ണം കൃഷി ഭവനും 160 എണ്ണം വിഎഫ്‌പിസികെയും 764 എണ്ണം ഹോർട്ടികോർപ്പുമാണ് നടത്തുക. ഹോർട്ടികോർപ്പാണ് നോഡൽ ഏജൻസി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ കുറഞ്ഞത് ഒരു ചന്തയുണ്ടാകും. കൃഷിഭവൻ പരിധിയിൽ ഒരു ചന്ത എന്ന നിലയിലാണ് ക്രമീകരണം. കർഷകരിൽനിന്ന് വിപണി വിലയുടെ പത്തുശതമാനം കൂടുതൽ നൽകി പച്ചക്കറി സംഭരിക്കും. പൊതുവിപണിയേക്കാൾ 20 –- 30ശതമാനം വരെ വില കുറച്ചാണ് വിൽക്കുക. കർഷകർക്ക് നൽകേണ്ട തുക ഉടൻ നൽകും. കൃഷിഭവനാണ് സംഭരണ ചുമതല. അധികമായി ലഭിക്കുന്നവ സമീപത്തെ ചന്തകളിലേക്കും മറ്റുജില്ലകളിലേക്ക് ഹോർട്ടികോർപ് മുഖേനയും നൽകും. നാടൻ പച്ചക്കറി, ജൈവ പച്ചക്കറി, വട്ടവട, കാന്തല്ലൂർ പച്ചക്കറികൾ പ്രത്യേക ബ്രാൻഡായി വിൽക്കും. മൂന്നാറിൽനിന്ന് ശീതകാല പച്ചക്കറി പരമാവധി സംഭരിക്കും. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ മഹാരാഷ്ട്രയിൽനിന്നെത്തിക്കും. അധികം ആവശ്യമായ പച്ചക്കറി തമിഴ്‌നാട്ടിലെ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സംഘങ്ങളിൽനിന്നും സമാഹരിക്കും. മിൽമ ഒന്നേകാൽ കോടി ലിറ്റർ പാൽ അധികം എത്തിക്കും ഓണക്കാലത്ത് കേരളത്തിന് പുറത്തുനിന്ന് മിൽമ ഒന്നേകാൽ കോടി ലിറ്റർ പാൽ അധികമായി എത്തിക്കും. 13 മുതൽ 16 വരെയുള്ള ദിവസങ്ങളിലെ വിതരണത്തിനാണിത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് പാൽ എത്തിക്കുകയെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. നിലവിൽ പ്രതിദിനം 12 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. പുറത്തുനിന്ന് വാങ്ങി 18 ലക്ഷം ലിറ്റർ പാൽ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ഇതേമാസവുമായി താരതമ്യം ചെയ്യുമ്പോൾ പാൽ സംഭരണത്തിൽ ഈ വർഷം രണ്ടുലക്ഷം ലിറ്ററിന്റെ കുറവുണ്ട്. തിരുവനന്തപുരം, എറണാകുളം, മലബാർ മേഖല യൂണിയനുകൾ കർഷകർക്ക് അധിക വില നൽകി പാൽ സംഭരിച്ചുവരികയാണ്. കാലത്തീറ്റയ്‌ക്ക് 100 രൂപ സബ്‌സിഡി സെപ്‌തംബർ മുതൽ ഒക്‌ടോബർ അവസാനംവരെ നൽകും. ഒമ്പത് മാസംവരെ കേടാകാത്ത ‘റെഡി ടു ഈറ്റ് ’ 400 ഗ്രാം പാലട പ്രഥമൻ വിപണിയിൽ സജീവമാണ്. വിദേശത്തും ഇവയുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com