ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കം ; 50 ലക്ഷം വിത്ത് പായ്ക്കറ്റും ഒന്നരക്കോടി തൈയും വിതരണത്തിന്
തിരുവനന്തപുരം കൃഷിവകുപ്പിന്റെ ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി. സെക്രട്ടറിയറ്റ് അങ്കണത്തിലെ പച്ചക്കറിത്തോട്ടത്തിൽ തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. 70 ലക്ഷം കുടുംബത്തെ പങ്കെടുപ്പിച്ചുളള കൃഷിവകുപ്പിന്റെ ജനകീയ ക്യാമ്പയിനാണ് ‘ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി’. ഓണം മുന്നിൽക്കണ്ട് എല്ലാ കുടുംബത്തിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് പദ്ധതി. കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റും ഒന്നരക്കോടി പച്ചക്കറി തൈകളും ഈ മാസം വിതരണം ചെയ്യും. കർഷകർക്കും വിദ്യാർഥികൾക്കും വനിതാ ഗ്രൂപ്പുകൾക്കും സന്നദ്ധ സംഘടനകൾക്കും കൃഷിഭവൻ മുഖാന്തരം സൗജന്യമായി നൽകും. ചീര, വെണ്ട, പയർ, പാവൽ, വഴുതന എന്നിങ്ങനെ അഞ്ചിനം വിത്തുകൾ അടങ്ങിയ പായ്ക്കറ്റാണ്. കഴിഞ്ഞ വർഷം ഓണത്തിനുമാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉൽപ്പാദിപ്പിച്ചു. ഇത് വർധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ മന്ത്രി പി പ്രസാദ് അധ്യക്ഷനായി. Read on deshabhimani.com