നല്ലോണം ഉണ്ണാം: വിലകുറഞ്ഞ്‌ പച്ചക്കറി



ആലപ്പുഴ > ഇത്തവണ ഓണത്തിന്‌ പച്ചക്കറി വില ഓർത്ത്‌ പേടിക്കേണ്ട. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച്‌ ഇക്കുറി പച്ചക്കറി വില കുറവാണ്. തിരുവോണത്തിന്‌ ദിവസങ്ങൾ ബാക്കിനിൽക്കെ വെണ്ടയ്ക്ക, പയർ, ബീറ്റ്‌റൂട്ട്‌ എന്നിവയ്ക്ക്‌ മാർക്കറ്റിൽ വില കുറഞ്ഞു. ബീറ്റ്‌റൂട്ട്‌ കിലോയ്‌ക്ക്‌ 90 രൂപവരെ എത്തിയിരുന്നു. ഇപ്പോൾ 40 രൂപയോളമായി. വെണ്ടയ്‌ക്കും പയറിനും കിലോയ്ക്ക്‌ 60 രൂപ വരെയെത്തിയതും കഴിഞ്ഞ ആഴ്ചയോടെ 40 ആയി. ഇത്‌ മാറ്റമില്ലാതെ തുടരുകയാണ്‌. നാടൻ തക്കാളിയ്ക്ക്‌ 30 രൂപയും വരവ്‌ തക്കാളിയ്ക്ക്‌ 40 രൂപയുമാണ്‌ നിലവിലെ വില. ഓണക്കാലത്ത്‌ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഏത്തയ്‌ക്ക കിലോയ്ക്ക്‌ 50- രൂപയ്‌ക്ക്‌ ലഭിക്കും. സംസ്ഥാനത്തുടനീളം ഓണച്ചന്തകളിലേയ്ക്കായി തദ്ദേശീയമായി കൃഷി ചെയ്ത പച്ചക്കറിയും ആവശ്യത്തിനുണ്ട്‌. പൊതുവിപണിയിൽ പച്ചക്കറി വില കുറയാതെ പിടിച്ചുനിർത്തുന്നതിന്‌ തദ്ദേശീയ ഉൽപ്പാദനവും സഹായിച്ചു. കുടുംബശ്രീയുടേയും ഹോർട്ടികോർപ്പിന്റെയും അടക്കമുള്ള ഇടപെടലും വിലക്കയറ്റം പിടിച്ചുനിർത്തി. പിടിച്ചാൽ കിട്ടാത്ത വിലയുള്ളത് വെളുത്തുള്ളിക്കാണ്. കിലോയ്ക്ക്‌ 380. ക്യാരറ്റിന് കിലോയ്ക്ക്‌ 100 രൂപയാണ്‌ വില. എരിപൊരി വിലയാണ്‌ പച്ചമുളകിനും  കിലോയ്ക്ക്‌ 80 രൂപ. കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകളും ഇന്നുമുതൽ ആരംഭിക്കും. പച്ചക്കറി കൂടാതെ ചിപ്‌സ്, ശർക്കരവരട്ടി ഉൾപ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ ഇതിലൂടെ വിപണിയിലുണ്ടാവും. വിവിധ തരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപന്നങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും ലഭിക്കും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉൽപന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. Read on deshabhimani.com

Related News