കാളകെട്ടുത്സവത്തിന് ഓണാട്ടുകര ഒരുങ്ങി



കരുനാഗപ്പള്ളി >  മാനവികതയുടെ സന്ദേശം ഉയർത്തി ഓണാട്ടുകരക്കാർ ഒരുമയോടെ ഒന്നിക്കുന്ന കാളകെട്ടുത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഓച്ചിറ കാളകെട്ടുത്സവം 28-ാം ഓണാഘോഷത്തിന്റെ ഭാഗമായാണ് നടക്കുന്നത്. വിവിധ കരകളുടെ നേതൃത്വത്തിലുള്ള കെട്ടുകാളുകളുമായി ആയിരങ്ങളാണ് ഓച്ചിറ പടനിലത്തേക്ക് അന്നേദിവസം എത്തിച്ചേരുക. ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്റെ ഭാഗം കൂടിയായി നടക്കുന്ന കാളകെട്ട് ഉത്സവത്തിനായി തിരുവോണം കഴിയുന്നതോടെ വിവിധ കരങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങും. കെട്ടുകാളകളെ കെട്ടിഒരുക്കുന്നതാണ് പ്രധാന ജോലി. ഇതിനായി കച്ചിയും കയറും ഉൾപ്പെടെയുള്ള വസ്തുക്കളെല്ലാം നേരത്തെ കൂട്ടി സംഘടിപ്പിച്ചു വയ്ക്കും. മിക്ക കാളകെട്ട് സമിതികൾക്കും കാള ശിരസ്സുകൾ സ്വന്തമായുണ്ട്. ഇവ സ്ഥാപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ഓരോ കാളമുട്ടിലും മാസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അന്നദാനം, കഞ്ഞിസദ്യ, പായസസദ്യ, വിവിധ സാംസ്കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ, സഹായം വിതരണം, അനുമോദനങ്ങൾ എന്നിവയെല്ലാം എല്ലാദിവസവും മുടങ്ങാതെ നടക്കും. ആകാശം മുട്ടുന്ന പടുകൂറ്റൻ കെട്ടുകാളകൾ മുതൽ ഉള്ളം കയ്യിൽ ഒതുങ്ങുന്ന കുള്ളൻ കാളകൾ വരെ 28-ാം ഓണാഘോഷത്തിന്റെ ഭാഗമായി 12ന് ഉച്ചതിരിയുന്നതോടെ പടനിലത്തേക്ക് എത്തും. ഓരോ കെട്ടുകാള സംഘങ്ങളും മത്സരബുദ്ധിയോടെ തങ്ങളുടെ കാളകളെ അണിയിച്ചൊരുക്കുന്ന പ്രവർത്തനത്തിലാണ്. ജാതിമത ചിന്തകൾക്കതീതമായുള്ള കൂട്ടായ്മ കൂടിയാണ് താളകെട്ടു ഉത്സവം. ഇതിൻ്റെ നേർക്കാഴ്ചയായി കഴിഞ്ഞദിവസം തഴവ, കുതിരപ്പന്തി, മച്ചാൻസ് കാളകെട്ട് സമിതിയുടെ നേതൃത്വത്തിലുള്ള ഋഷഭ വീരന്മാരുടെ മുന്നിൽ നടന്ന മാപ്പിള കലാരൂപമായ കോൽക്കളി ശ്രദ്ധേയമായി. ഏറെ വർഷങ്ങളായി കുതിരപ്പന്തി ചന്തയിൽ നിന്നും കാളകെട്ടുത്സവത്തിന് ഈ കാള കുറ്റന്മാർ എത്തുന്നുണ്ട്. ഇവിടെയും വിവിധ കലാപരിപാടികൾ ഉൾപ്പെടെ നടന്നുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം തഴവ, മഠത്തിൽ, ബിജെഎസ്എം സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കോൽക്കളി നടന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടെ മികച്ച വിജയം നേടിയ കുട്ടികളുടെ ഈ ഇനം കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. ചുവടുപിഴയ്ക്കാതെ കാളമൂട്ടിൽ കുട്ടികൾ കോൽക്കളി പാടി അവതരിപ്പിച്ചപ്പോൾ അത് ഓച്ചിറ 28-ാം ഓണാഘോഷത്തിന്റെ മതനിരപേക്ഷ ആഘോഷക്കാഴ്ചയായി മാറുകയായിരുന്നു. 170 ഓളം കെട്ടുകാളകൾ ആണ് ഇതിനകം ഓച്ചിറ ക്ഷേത്ര ഭരണസമിതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 200 ൽ അധികം കെട്ടുകാളകൾ എത്തുമെന്ന പ്രതീക്ഷയാണ് സംഘാടകർക്കുള്ളത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി വരികയാണ്. ദേശീയപാതയിലെ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായിരുന്നു. Read on deshabhimani.com

Related News