വില നൂറിലേക്ക്, കരയിച്ച് സവാള ; കിലോഗ്രാമിന് 90 രൂപ
തിരുവനന്തപുരം/ ന്യൂഡൽഹി അരിയുമ്പോൾ മാത്രമല്ല, വാങ്ങുമ്പോളും കണ്ണ് നിറയിക്കും സവാള. രാജ്യത്ത് നാലുദിവസത്തിനിടെ 30 രൂപ വർധിച്ച് കിലോഗ്രാമിന് 90 രൂപയിലെത്തിയിരിക്കുകയാണ് സവാളവില. മഹാരാഷ്‌ട്രയിൽനിന്നുള്ള സവാള വരവ് കുറഞ്ഞതാണ് നിലവിലെ വിലവർധനയ്‌ക്ക് കാരണം. പ്രാദേശിക, ചെറുകിട കടകളിലും മൊത്തക്കച്ചവട മേഖലയിലും 90രൂപയാണ് വില. ‘‘ബംഗളൂരുവിൽനിന്ന് ചെറിയ സവാള വരുന്നുണ്ടെങ്കിലും പെട്ടെന്ന് ചീഞ്ഞുപോകുന്നതായതിനാൽ മഹാരാഷ്‌ട്ര സവാളയ്‌ക്കാണ് ആവശ്യക്കാരേറെ. വില ഇനിയും വർധിക്കാനാണ് സാധ്യത'’–ചാല മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നു. ബംഗളൂരു സവാളയ്ക്ക് ഒന്നരകിലോഗ്രാമിന് 100 രൂപയാണ് വില. രണ്ടാഴ്ച മുമ്പുവരെ 55 മുതൽ 60രൂപവരെയായിരുന്നു സവാള വില. ഡൽഹിയിൽ ചില്ലറവിപണിയിൽ സവാളവില 100 രൂപയോട് അടുത്തു. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും വില കുതിക്കുകയാണ്. തക്കാളി, ഉരുളക്കിഴങ്ങ് വിലയും ഉയർന്നു. ഡൽഹിയിൽ തക്കാളി വില കിലോയ്‌ക്ക് 60 രൂപയായി. സവാളയുടെ പ്രധാന വിൽപ്പനകേന്ദ്രമായ നാസിക്കിലെ ലസൽഗാവിൽ ക്വിന്റലിന് 6200 രൂപവരെ വിലയെത്തി. പുതിയ വിളവ് എത്താൻ വൈകുമെന്നതിനാൽ സവാളവില വീണ്ടും കൂടും. കർണാടക, മഹാരാഷ്ട്രയിലെ നാസിക്, പുണെ എന്നിവിടങ്ങളിൽനിന്നാണ് സംസ്ഥാനത്ത് സവാളയെത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ സവാള മാർക്കറ്റ് മഹാരാഷ്‌ട്രയിലെ നാസിക്കാണ്. നാസിക്കിൽ സെപ്‌തംബർ–- ഒക്‌ടോബർ മാസങ്ങളിൽ കനത്ത മഴയിൽ 21,000 ഹെക്ടറിൽ സവാള കൃഷി നശിച്ചു. സവാള, തക്കാളി വിലവർധനയോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയും ഉയർന്നു. വീട്ടിൽ പാചകം ചെയ്യുന്ന വെജിറ്റേറിയൻ ഊണിന്റെ വില മുൻവർഷത്തേക്കാൾ 20 ശതമാനം വർധിച്ചതായി റേറ്റിങ് ഏജൻസിയായ ക്രിസിൽ വ്യക്തമാക്കുന്നു. നോൺവെജിറ്റേറിയൻ ഊണിന്റെ വില അഞ്ച് ശതമാനം വർധിച്ചു. സവാള വില 46 ശതമാനവും ഉരുളകിഴങ്ങ് വില 51 ശതമാനവും വർധിച്ചതോടെയാണ് സസ്യാഹാരം ചെലവേറിയതായത്. തക്കാളിവിലയും മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വർധിച്ചു. Read on deshabhimani.com