87 കോടി തിരിച്ചു പിടിച്ചു: 10 മാസം ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്‌ 635 കോടി



തിരുവനന്തപുരം> പത്ത്‌ മാസത്തിനിടെ സംസ്ഥാനത്ത്‌ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്‌ 635 കോടി രൂപ. ഓൺലൈൻ ട്രേഡിങ്‌, ജോലി വാഗ്‌ദാനം എന്നിവയടക്കമുള്ള തട്ടിപ്പിലൂടെയാണ് ഈ നഷ്ടം. 32000 ഓൺലെെൻ തട്ടിപ്പു കേസാണ്‌ ഈ കാലയളവിൽ രജിസ്റ്റർ ചെയ്‌തത്‌. ഭൂരിഭാഗമാളുകൾക്കും നഷ്ടമായത് ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ്. സ്വകാര്യ മേഖലയിലെ ജീവനക്കാരാണ്‌ ഇരകളിൽ കൂടുതലും. 613 പേർ. 338 വീട്ടമ്മമാരും 319 ബിസിനസുകാരും 320 പെൻഷൻകാരും 224 പ്രവാസികളും 218 ടെക്കികളും 115 ഡോക്ടർമാരും 108 സർക്കാർ ജീവനക്കാരും തട്ടിപ്പിനിരയായി. ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പിലാണ്‌ കൂടുതലാളുകളും വീണത്‌. 1002 പേർ തൊഴിൽ തട്ടിപ്പിലും 211 പേർ കൊറിയർ തട്ടിപ്പിലും കുടുങ്ങി. 85 പേർ ലോൺ ആപ്പിലും പെട്ടു. ഗിഫ്‌റ്റ്‌ സ്കാമിലൂടെ 82 പേർ വഞ്ചിക്കപ്പെട്ടു. എടിഎം, സിം കാർഡ്‌ തട്ടിപ്പിനിരയായ 67 പേരുമുണ്ട്‌. മുപ്പതിനും നാൽപ്പതിനുമിടയിൽ പ്രായമുള്ളവരാണ്‌ കെണിയിലകപ്പെട്ടവരിൽ ഏറെയും. 20–-30 പ്രായപരിധയിലുള്ള 637, 40–-50ന്‌ ഇടയിലുള്ള 552, 50നും 60നും ഇടയിലുള്ള 444, 60 വയസിന്‌ മുകളിലുള്ള 426 പേരും ഇരയായി. പൊലീസ്‌ കാര്യക്ഷമമായി ഇടപെട്ട് പത്ത്‌ മാസത്തിനിടെ 87 കോടി രൂപ തട്ടിപ്പുകാരിൽനിന്ന്‌ തിരികെ പിടിച്ചു. തട്ടിപ്പിനിരയായി എന്നറിഞ്ഞാലുടൻ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന്‌ സൈബർ പൊലീസ്‌ പറഞ്ഞു.   Read on deshabhimani.com

Related News