തൊഴിൽ ശരിക്കും ‘പണി'യാകും
ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വേങ്ങര സ്വദേശിയുടെ കോടികൾ തട്ടിയ ഡൽഹി സ്വദേശിയിൽനിന്ന് കണ്ടെടുത്തത് 40,000 സിം കാർഡും 180 മൊബൈൽ ഫോണും ആറ് ബയോമെട്രിക് സ്കാനറും. മൊബൈൽ കമ്പനിയുടെ സിം വിതരണക്കാരനായിരുന്ന പ്രതി സിം കാർഡ് എടുക്കാൻ എത്തുന്നവരുടെ വിരലടയാളം ബയോമെട്രിക് സ്കാനറുകളിൽ ഒന്നിലധികം തവണ എടുത്ത് ഉപഭോക്താവ് അറിയാതെ സിം കാർഡുകൾ എടുക്കും. ഇത് തട്ടിപ്പുസംഘങ്ങൾക്ക് വിറ്റാണ് ഇയാൾ പണം സമ്പാദിച്ചത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് രാജ്യത്ത് 21 ലക്ഷം സിംകാർഡ് നിർമിച്ചതായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ കണ്ടെത്തിയത്. വ്യാജ ബാങ്ക് അക്കൗണ്ടുകൾ ചെറിയ തുക നൽകിയും സബ്‌സിഡി ലഭിക്കുമെന്ന് പറഞ്ഞും തട്ടിപ്പുസംഘം കർഷകരിൽനിന്ന് അക്കൗണ്ടുകൾ കൈക്കലാക്കുന്നുമുണ്ട്. ഉത്തരേന്ത്യയിലെ കർഷകരാണ് ഇരകളിലേറെയും. യുവാക്കൾക്ക് നിശ്ചിത തുക നൽകി അക്കൗണ്ടുകളും പാൻകാർഡും പാസ്‌വേർഡും സ്വന്തമാക്കുന്ന രീതിയുമുണ്ട്. 5,000 മുതൽ 10,000 രൂപവരെയാണ് കമീഷൻ. അക്കൗണ്ടിൽ എത്തുന്ന പണത്തിനും 2–-4 ശതമാനംവരെ കമീഷനുണ്ട്. ലക്ഷങ്ങളുടെ അനധികൃത ഇടപാടാണ് ഈ അക്കൗണ്ടുകളിൽ നടക്കുക. കഴിഞ്ഞ ദിവസം കോഴിക്കോട് വടകര സ്വദേശികളായ അഞ്ച് വിദ്യാർഥികളെയാണ് ഇത്തരം ക്രമക്കേടിന് മധ്യപ്രദേശ് പൊലീസെത്തി അറസ്റ്റ് ചെയ്‌തത്. പതിനായിരം രൂപ കമീഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ സ്വന്തംപേരിൽ അക്കൗണ്ടുണ്ടാക്കി എടിഎം കാർഡും പാസ്‌വേഡും ഏജന്റിന് നൽകുകയായിരുന്നു ഇവർ. ഓപ്പറേഷൻ @ കംബോഡിയ, വിയത്‌നാം കംബോഡിയ, വിയത്‌നാം തുടങ്ങിയ രാജ്യങ്ങളാണ് ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന്റെ പ്രധാന കേന്ദ്രങ്ങൾ. ഓൺലൈൻ ഗെയിം, ടാസ്ക് പ്രവർത്തനങ്ങൾ, റമ്മി, നിക്ഷേപ പദ്ധതികൾ എന്നിവയിലേക്ക് പ്ലസ്‌ടു പാസായ, സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്ന യുവാക്കളെയാണ് റിക്രൂട്ട്‌ചെയ്യുന്നത്. വിസിറ്റിങ് വിസയിലാണ് വിദേശത്തേക്ക് കൊണ്ടുപോകുക. ഇങ്ങനെ പോയി മടങ്ങിവരാത്ത മലയാളികളടക്കമുള്ള ആയിരത്തോളം പേരെ സൈബർ പൊലീസ് കണ്ടെത്തി. 51 ഏജന്റുമാരിൽ നടത്തിയ പരിശോധനയിൽ 16 പേരാണ് ഇതിനകം അറസ്‌റ്റിലായത്. ഓഫർ ലെറ്ററുണ്ട്, ജോലിയില്ല മോൺസ്റ്റർ, നൗകരി, ടൈംസ് ജോബ്‌സ്, ഷൈൻ തുടങ്ങിയ ജനപ്രിയ തൊഴിൽ പോർട്ടലുകളിൽ കൺസൾട്ടന്റായി എത്തിയും ചിലർ തൊഴിൽ തട്ടിപ്പുകൾ നടത്തുന്നുണ്ട്. അഭിമുഖം ഷെഡ്യൂൾ ചെയ്യുന്നതിനുപോലും ഫീസ് ആവശ്യപ്പെടും. ഓൺലൈൻ അഭിമുഖം നടത്തി നിയമന കത്തുകൾ അയക്കും. വിമാനയാത്രാ ചാർജ്, യൂണിഫോം തുടങ്ങിയ ഇനത്തിൽ വൻ തുക കൈപ്പറ്റും. പണം കിട്ടുന്നതോടെ തട്ടിപ്പുസംഘം അപ്രത്യക്ഷമാകും. ശ്രദ്ധിക്കേണ്ടത് ●സ്ഥാപനത്തെക്കുറിച്ച് നോർക്ക റൂട്‌സ് വഴി അന്വേഷിക്കുക ● നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയും മുൻകൂറായി ബോണ്ടോ സെക്യൂരിറ്റി ഡെപ്പോസി റ്റോ ആവശ്യപ്പെടില്ല. ● സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെമാത്രം അപേക്ഷിക്കുക ● പണം മുൻകൂർ അടയ്‌ക്കരുത് Read on deshabhimani.com