അമേരിക്കൻ ഗ്രാന്റ്‌; തട്ടിപ്പുകളിലെ ഗ്രാൻഡ്‌ ഇനം



കൊച്ചി > അമേരിക്കൻ സർക്കാരിന്റെ എസ്‌ബിഎ (സ്‌മോൾ ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ) ഗ്രാന്റ്‌ വേണോ? ബിസിനസ്, സ്‌കൂൾ, ഓഫീസ്‌, ജനറൽ എന്നിങ്ങിനെ ഗ്രാന്റുകളുടെ ലിസ്റ്റ്‌ നീളുന്നു. സമൂഹമാധ്യമങ്ങളിലെ ശ്രദ്ധിക്കപ്പെടുന്ന പോസ്റ്റുകൾക്കുതാഴെ കമന്റുകളായാണ്‌ ഇത്തരം സന്ദേശങ്ങൾ ആദ്യം വരുന്നത്‌. ഏതെങ്കിലും അമേരിക്കക്കാരന്റെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ടിൽനിന്നായിരിക്കും സന്ദേശം വരിക. അമേരിക്കൻ സർക്കാരിന്റെ ഗ്രാന്റ്‌ നൽകാമെന്നു പറഞ്ഞ്‌ പണംതട്ടുന്ന സൈബർ ക്രിമിനൽസംഘങ്ങൾ സജീവമാണെന്ന്‌ സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. അമേരിക്കൻ ഫെഡറൽ സർക്കാർ അമേരിക്കക്കാർക്കും മറ്റു രാജ്യങ്ങളിലുള്ളവർക്കുമായി നടത്തുന്ന സാമൂഹ്യ ശാക്തീകരണ പദ്ധതിയാണിതെന്ന വിശദീകരണമാകും തട്ടിപ്പുകാരൻ ആദ്യം നൽകുക. ഇത്‌ വായ്‌പയല്ലെന്നും സൗജന്യമായി നൽകുന്ന തുകയാണെന്നും പറയും. തുടർന്ന്‌ നിങ്ങളുടെ പേര്‌, വിലാസം, ഫോൺ നമ്പർ, ജനന തീയതി, ഇ–മെയിൽ വിലാസം, തൊഴിൽ, വയസ്സ്‌ എന്നിവ അയച്ചുതരാൻ ആവശ്യപ്പെടും. ഇത്‌ കിട്ടിയ ഉടൻ 20 ലക്ഷം രൂപയുടെ ഗ്രാന്റിന്‌ നിങ്ങൾ അർഹനാണെന്ന സന്തോഷവാർത്തയെത്തും. ചിലപ്പോൾ തുക 20 ലക്ഷവും കടക്കും. ഗ്രാന്റ്‌ ലഭിക്കാൻ അവർ നൽകുന്ന ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ പറയും. ഇതിൽ ചേർന്നാൽ നികുതിയായി രണ്ടായിരം രൂപ അടച്ചാൽ മതിയെന്നും പറയും. ചെറിയ തുകയായതിനാൽ പലരും നൽകും. 24 മണിക്കൂറിനുള്ളിൽ ഗ്രാന്റ്‌ തുക നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്നും അമേരിക്കക്കാരൻ പറയും. എന്നാൽ, പിന്നെ ഇവർ നിങ്ങളെ ഉപേക്ഷിക്കും. അടുത്ത ഇരയെ തേടി തട്ടിപ്പ്‌ തുടരും. എസ്‌ബിഎ പിന്നാലെ വരില്ല ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ അക്കാര്യം സത്യമാണോയെന്ന്‌ സ്ഥിരീകരിക്കുക. ഒരിക്കലും ഗ്രാന്റ്‌ തരാമെന്ന്‌ എസ്‌ബിഎ നിങ്ങൾക്ക്‌ സന്ദേശം അയക്കില്ല. എസ്‌ബിഎ ഗ്രാന്റ്‌ ലഭിക്കുന്നതിന്‌ ഒരിക്കലും മുൻകൂർ പണമടയ്‌ക്കേണ്ട ആവശ്യമില്ല. തട്ടിപ്പാണെന്ന്‌ തിരിച്ചറിഞ്ഞാൽ ഉടനെ സന്ദേശം അയച്ച ആളെക്കുറിച്ച്‌ സമൂഹമാധ്യമ അധികൃതരോട്‌ റിപ്പോർട്ട്‌ ചെയ്യുക. പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉടനെ അടുത്ത പൊലീസ്‌ സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈനായ 1930ൽ വിളിച്ച്‌ പരാതിപ്പെടുകയോ ചെയ്യുക.   Read on deshabhimani.com

Related News