ഓൺലൈൻ ട്രേഡിങ്‌: 77.5 ലക്ഷം തട്ടിയ 2 പേർ അറസ്‌റ്റിൽ



കൊച്ചി ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്‌ത്‌ പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനിയറിൽനിന്ന്‌ 77.5 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ അറസ്‌റ്റിൽ. പാലക്കാട്‌ നാട്ടുകൽ കലംപറമ്പിൽ വീട്ടിൽ അബ്ദുൾ മുനീർ (32), ബന്ധു മണ്ണാർക്കാട്‌ കൊട്ടിയോട്‌ മുസ്‌തഫ (51) എന്നിവരെയാണ്‌ പാലാരിവട്ടം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടരുന്നു. പ്രമുഖ ഓൺലൈൻ ട്രേഡിങ്‌ കമ്പനിയുടെ ഉദ്യോഗസ്ഥരെന്ന്‌ പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്‌. റിട്ട. എൻജിനിയറെ ആഗസ്‌തിൽ വാട്‌സാപ്പിലൂടെയാണ്‌ ഇവർ പരിചയപ്പെട്ടത്‌. ഓൺലൈൻ ട്രേഡിങ്ങിലൂടെ വമ്പിച്ച ലാഭം കിട്ടുമെന്ന്‌ വിശ്വസിപ്പിച്ച്‌ ഒരുമാസത്തിനുള്ളിൽ രണ്ട്‌ അക്കൗണ്ടിൽനിന്ന്‌ 77.5 ലക്ഷം രൂപ വാങ്ങി. തുടർന്ന്‌ ഈ പണം വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ മാറ്റി.പണം കൈക്കലാക്കാൻ അബ്ദുൾ മുനീറിനെക്കൊണ്ട് മുസ്തഫ പുതിയ ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിച്ചിരുന്നു. ഈ അക്കൗണ്ടിലെത്തിയ ആറ്‌ ലക്ഷം രൂപ മറ്റു പ്രതികളുടെ സഹായത്തോടെ ചെക്ക്‌ ഉപയോഗിച്ച്‌ പിൻവലിച്ചു. ഓൺലൈൻ തട്ടിപ്പ്‌ കേസുകളിൽപ്പെട്ട, കേരളത്തിലെ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകളെ കേന്ദ്രീകരിച്ച്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ പിടിയിലായത്‌. എറണാകുളം എസിപി പി രാജ്‌കുമാർ, പാലാരിവട്ടം ഇൻസ്പെക്ടർ എ ഫിറോസ്‌, എസ്‌ഐമാരായ ഒ എസ്‌ ഹരിശങ്കർ, സീനിയർ സിപിഒമാരായ സുരജ്‌, പ്രശാന്ത്, അനീഷ്‌ എന്നിവർ പാലക്കാട്‌ പൊലീസ്‌ സഹായത്തോടെ മണ്ണാർകാട്ടുനിന്നാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതികളെ റിമാൻഡ്‌ ചെയ്തു.   Read on deshabhimani.com

Related News