കരിങ്കൊടി ഭയന്ന് ഉമ്മൻചാണ്ടി സർക്കാർ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിപ്പിച്ചു; തെളിവായി നിയമസഭാ രേഖ
തിരുവനന്തപുരം> ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിഷേധം ഭയന്ന് ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിപ്പിച്ച പൊലീസ് നടപടി ശരിവെയ്‌ക്കുന്ന നിയമസഭാ രേഖ പുറത്ത്. 2011ൽ ഉമ്മൻചാണ്ടി അധികാരത്തിലേറി ഒരുവർഷം തികയുംമുമ്പാണ് വയനാട്ടിലെ ആദിവാസി സ്‌ത്രീകളുടെ അരയിൽ കെട്ടിയിരുന്ന കച്ച അഴിപ്പിച്ചത്. ആദിവാസി സ്‌ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ് നടപടിയെ കുറിച്ച് കെ രാധാകൃഷ്‌ണന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഉത്തരത്തിലാണ് പൊലീസ് നടപടിയെ കുറിച്ച് വിശദീകരിക്കുന്നത്. "16.09.11ലെ മുഖ്യമന്ത്രിയുടെ വയനാട് ജില്ലാ സന്ദർശന വേളയിൽ കൽപ്പറ്റ സിവിൽ സ്‌റ്റേഷൻ കോമ്പൗണ്ടിൽ വച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ വേദിയിലേക്ക് പോയ ആദിവാസി സ്‌ത്രീകളിൽ മൂന്ന് പേർ മേൽ വസ്ത്രത്തിന് പുറമേ കറുത്ത തുണി അരയിൽ കച്ചയായി ധരിച്ചത് കാണപ്പെട്ടു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് അവഹേളിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാപരമായ കാരണങ്ങളാൽ തൽക്കാലത്തേക്ക് പ്രസ്‌തുത കച്ച ഒഴിവാക്കുവാൻ തൽസമയം ഡ്യൂട്ടിയിലുണ്ടാരുന്ന വനിതാ പൊലീസുകാർ അഭ്യാർത്ഥിച്ചതിൻ പ്രകാരം ആദിവാസി സ്‌ത്രീകൾ സ്വമേധയാ കച്ച ഒഴിവാക്കിയിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്"- എന്നാണ് ഉമ്മൻ ചാണ്ടി മറുപടി നൽകിയത്. ആ വാർത്ത തമസ്‌കരിക്കാനും മൂടിവയ്‌ക്കാനും ശ്രമിച്ച മാധ്യമങ്ങളാണ് ശനിയാഴ്‌ച കറുത്ത മാസ്‌കും വസ്‌ത്രവും വിലക്കിയെന്ന വ്യാജവാർത്തയുമായി രംഗത്തെത്തിയത്. ഇത്തരത്തിൽ ഒരുവിലക്കും ഒരിടത്തുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വാഹനവും സുരക്ഷാ ചുമതലയുള്ള കമാൻഡോകളുടെ വസ്‌ത്രവുമടക്കം കറുപ്പാണ്. Read on deshabhimani.com