തൊണ്ടിമുതലായ ഫോൺ മാറ്റി; 
എസ്ഐ അറസ്റ്റിൽ

ഷൂജ


കൊല്ലം > ഇന്റര്‍നെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവർക്കെതിരായ ഓപ്പറേഷൻ പി ഹണ്ട് റെയ്‌ഡിൽ പിടികൂടിയ തൊണ്ടി മുതലായ മൊബൈൽ ഫോൺ കോടതിയിൽ എത്തും മുമ്പ്‌  മാറ്റിയ കേസിൽ എസ്‌ഐ അറസ്റ്റിൽ. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മയ്യനാട് സ്വദേശി ഷൂജയെയാണ്  ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വിരമിക്കാനിരിക്കെയാണ് അറസ്റ്റ്.   ഷൂജ കൊല്ലം പരവൂർ സ്റ്റേഷനിലിരിക്കെ 2021 സെപ്‌തംബറിലാണ് കേസിനാസ്പദമായ സംഭവം. ബന്ധുവായ പ്രതിയെ സഹായിക്കുന്നതിനാണ് ഫോൺ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥര്‍ പറഞ്ഞു. നഷ്‌ടമായ ഫോൺ നിരീക്ഷണത്തിലായിരുന്നു. മാസങ്ങളോളം സ്വിച്ച് ഓഫായിരുന്ന ഫോൺ കഴിഞ്ഞ ദിവസം ഓണായി. പരിശോധനയിൽ ബൈക്ക് മോഷണക്കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പരവൂർ തെക്കുംഭാഗം സ്വദേശിയായ സെയ്‌ദാലി എന്ന യുവാവിന്റെ പേരിലുള്ള സിം ആണ് ഈ ഫോണിൽ ഉപയോഗിക്കുന്നതെന്നു കണ്ടെത്തി.  ജയിലിലെത്തി സെയ്‌ദാലിയെ ചോദ്യം ചെയ്‌തപ്പോൾ ഷൂജയാണ് തനിക്ക് ഫോൺ തന്നതെന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്‌ച ഷൂജയെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.   സംഭവം ഇങ്ങനെ: പി ഹണ്ടിൽ പിടിയിലായ പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോൺ കാണാതായി. ഇതോടെ  ചാത്തന്നൂർ എസിപി അന്വേഷണം ആരംഭിച്ചു. ആ ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷൂജ ഉൾപ്പെടെ എട്ടു പേരെ മറ്റ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി. ഫോൺ സൂക്ഷിക്കാൻ  മറ്റൊരു പൊലീസുകാരിയെയാണ് ഏൽപ്പിച്ചിരുന്നത്. ഇവര്‍ക്കെതിരെ ആരോപണം ശക്തമായി. തുടര്‍ന്ന് ഇവര്‍ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എസിപി സോണി ഉമ്മൻകോശിയുടെ നേതൃത്വത്തിൽ  അന്വേഷണം നടത്തിയത്. പരവൂർ പൊലീസിനു കൈമാറി. എന്നാൽ, പിടിച്ചെടുത്ത വിലകൂടിയ ഫോണിനു പകരം പഴക്കമുള്ള പ്രവർത്തനരഹിതമായ മറ്റൊരു ഫോണാണ് കോടതിയിൽ ഹാജരാക്കിയത്. സീൽ ഇല്ലാത്തതിനാൽ സംശയം തോന്നി  കോടതി ജീവനക്കാരൻ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെയുള്ള രേഖകളുമായി ഒത്തുനോക്കിയപ്പോഴാണ് ഫോൺ മാറ്റിയെന്നു വ്യക്തമായത്. Read on deshabhimani.com

Related News