അംബേദ്കർ വിരുദ്ധ പരാമർശം: അമിത് ഷായ്ക്കെതിരെ പാർലമെന്റിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി > അംബേദ്കറെ അവഹേളിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം. അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്കർ പ്രതിമയ്ക്കു മുന്നിലാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്. മറുവശത്ത് ബി ആർ അംബേദ്കറെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപിയും പ്രതിഷേധ മാർച്ച് നടത്തി. എൻഡിഎ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെന്റ് വളപ്പിൽ സംഘർഷാന്തരീക്ഷമുണ്ടായി. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യസഭയിൽ ഭരണഘടനയുടെ മഹത്തായ 75 വർഷങ്ങൾ ചർച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. 'അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു' എന്നാണ് അമിത് ഷാ നടത്തിയ വിവാദ പരാമർശം. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്‌തതതോടെ ബിജെപി പ്രതിരോധത്തിലായി. തൻ്റെ പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചെന്നാണ് ഷായുടെ വാദം. Read on deshabhimani.com