അവയവദാനം: ആശുപത്രിതല കമ്മിറ്റി രൂപീകരിക്കണം



കൊച്ചി അവയവദാനത്തിന്‌ അനുമതി നൽകാൻ സംസ്ഥാനത്ത്‌ ആശുപത്രിതല ഓതറൈസേഷൻ (അംഗീകാര) കമ്മിറ്റികൾ ഉടൻ രൂപീകരിക്കണമെന്ന് ഹൈക്കോടതി. അവയവമാറ്റ ശസ്ത്രക്രിയക്കുള്ള അപേക്ഷകൾ ഇപ്പോൾ ജില്ലാ സമിതിയാണ്‌ പരിഗണിക്കുന്നത്. അതിനാൽ രോഗികളുടെ കാത്തിരിപ്പ് നീളുകയാണെന്നും കോടതി വിലയിരുത്തി.  ഗോതുരുത്ത്‌ സ്വദേശി കെ ടി ജില്ലറ്റിന് വൃക്ക ദാനംചെയ്യാനുള്ള തൃശൂർ ശാന്തിപുരം സ്വദേശി ടി കെ സുനിലിന്റെ അപേക്ഷ സംസ്ഥാന, ജില്ലാ ഓതറൈസേഷൻ സമിതികൾ തള്ളിയതിനെതിരായ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. ഹർജിക്കാരുടെ അപേക്ഷ, കമ്മിറ്റികൾ വീണ്ടും പരിഗണിച്ച് പത്തുദിവസത്തിനകം നീതിപൂർവമായ തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു. ഓതറൈസേഷൻ കമ്മിറ്റികളിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ചട്ടപ്രകാരമാണെന്ന്‌ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വർഷം 25ലേറെ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രി കേന്ദ്രീകരിച്ച് ഓതറൈസേഷൻ സമിതി വേണമെന്നാണ് കേന്ദ്രനിയമം. 25ൽതാഴെ ശസ്ത്രക്രിയ നടത്തുന്ന കേന്ദ്രങ്ങളാണ് ജില്ലാ സമിതിയെ സമീപിക്കേണ്ടത്. എന്നാൽ, കേരളത്തിൽ ഇതിനനുസരിച്ച് ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ ആശുപത്രിതല സമിതികളില്ല. എല്ലാ അപേക്ഷകളും ജില്ലാ സമിതികളിൽ എത്തുന്നതാണ്‌ തീരുമാനം വൈകാനിടയാക്കുന്നത്‌. ഇതിന് ഉടൻ പരിഹാരം കാണണമെന്നാണ് നിർദേശം. രോഗിയും ദാതാവും തമ്മിൽ അടുത്തബന്ധമില്ലെന്നും അവയവദാനത്തിനുപിന്നിൽ സാമ്പത്തിക ഇടപാട് സംശയിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് വൃക്കദാനത്തിനുള്ള അപേക്ഷ തള്ളിയത്. എന്നാൽ, സ്നേഹബന്ധത്തിന് തെളിവ്‌ ഹാജരാക്കുക അസാധ്യമാണെന്ന് കോടതി വിലയിരുത്തി. മാത്രമല്ല, ഓട്ടോതൊഴിലാളിയായ രോഗിയുടെ ശസ്ത്രക്രിയക്ക്‌ ജനങ്ങളിൽനിന്ന് പിരിച്ചാണ് തുക കണ്ടെത്തുന്നത്. ഇതായിരിക്കാം സാമ്പത്തിക ഇടപാടെന്ന് വ്യാഖ്യാനിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.   Read on deshabhimani.com

Related News