കാല്‌ കുത്താനിടം തരൂ... റെയിൽവേ കേൾക്കുമോ?



കോട്ടയം > ‘ഒന്ന്‌ ഇരിക്കണമെന്നല്ല പറയുന്നത്‌. കാല്‌ കുത്താനെങ്കിലും ഇടം മതി’– യാത്രക്കാർ ദുരിതം പറഞ്ഞ്‌ തുടങ്ങിയിട്ട്‌ നാളുകൾ ഏറെയായിട്ടും റെയിൽവേയുടെ അവഗണന തുടരുന്നു. രാവിലെയും വൈകിട്ടും കോട്ടയം-എറണാകുളം റൂട്ടിലെ ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്കിന്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന റെയിൽവേയ്‌ക്കെതിരെ സഹികെട്ടിട്ടാണ് യാത്രക്കാർ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. കൂടുതൽ ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകളും അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു സമരം. മാവേലിക്കര മുതൽ എറണാകുളം വരെയുള്ള എല്ലാ സ്റ്റേഷനിലും പ്രതിഷേധം സംഘടിപ്പിച്ചു. യാത്രക്കാർ  കറുത്ത ബാഡ്ജ് ധരിച്ചാണ് യാത്രചെയ്തത്. സ്‌റ്റേഷനിലെ പരാതി ബുക്കിലും റെയിൽവേയുടെ ആപ്പിലും കൂട്ടമായി പരാതിനൽകി. പാലരുവിയിലെ ‘വാഗൺ ട്രാജഡി’ ജോലിക്കും പഠനത്തിനുമായി കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ആയിരക്കണക്കിന്‌ പേരാണ്‌ ദിവസേന യാത്രചെയ്യുന്നത്‌. ഇവരുടെ ആകെയുള്ള ആശ്രയം പാലരുവി എക്സ്പ്രസും വേണാട് എക്സ്പ്രസുമാണ്‌. കൃത്യം സമയത്ത്‌ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തണമെങ്കിൽ പാലരുവിയെ ആശ്രയിക്കണം. സ്ഥലമില്ലാത്തതിനാൽ വാതിൽപ്പടിയിലും മറ്റും തൂങ്ങിനിന്നാണ് ആളുകളുടെ യാത്ര. ജീവൻ പേടിച്ച്‌ അടുത്ത ട്രെയിനിന്‌ പോകാമെന്ന്‌ വച്ചാലും സാധിക്കില്ല. വേണാട്‌ എത്തുമ്പോഴേക്കും പലപ്പോഴും വൈകും. പഞ്ചിങ് സിസ്റ്റം ഉള്ളതിനാൽ പലരും ഉച്ചവരെ അവധി എടുക്കേണ്ടിവരും. യാത്രയ്ക്കിടെ ആളുകൾ കുഴഞ്ഞുവീഴുന്നതും സ്ഥിരം സംഭവമായി. തിങ്കളാഴ്ച രണ്ട്‌ പേരാണ്‌ ഏറ്റുമാനൂർ–പിറവം റോഡ്‌ യാത്രയ്‌ക്കിടെ കുഴഞ്ഞുവീണത്‌. ഇവരെ ഡിസേബിൾഡ്‌ കോച്ചിലേക്കും തുടർന്ന്‌ ഗാർഡ്‌ റൂമിലേക്കും മാറ്റി. യാത്രക്കാർ സമ്മർദം ചെലുത്തിയതിനാൽ തൃപ്പൂണിത്തുറയിൽനിന്ന്‌ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കൾ രാവിലെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ടുമാണ്‌ തിരക്ക് ഏറ്റവും കൂടുതൽ. വന്ദേഭാരത് കടന്നുപോകാൻ പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നതും ദുരിതം വർധിപ്പിക്കുകയാണ്‌. പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്ക് പോകേണ്ടവർക്ക് ഉപകാരപ്പെടും. വേണാടിന്റെ സൗത്ത്‌ ഒഴിവാക്കലും തിരിച്ചടി   ബദൽ മാർഗമൊരുക്കാതെ വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളം സൗത്ത്‌ ഒഴിവാക്കിയതും യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചു. ഇതോടെ സൗത്ത്‌ ഭാഗത്തേക്ക്‌ പോകേണ്ടവർ തൃപ്പൂണിത്തുറയിൽ ഇറങ്ങി മെട്രോയെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌. ഇതിനായി മാസം 2000 രൂപയോളം ഇവർക്ക്‌ വേണം. ഇതോടെ  വേണാടിന്‌ യാത്ര ചെയ്തിരുന്നവർ പാലരുവിയെ ആശ്രയിക്കാൻ തുടങ്ങി.   Read on deshabhimani.com

Related News