ആറുവരിപ്പാത: തടസ്സം തീര്‍ക്കാന്‍ പ്രത്യേകയോഗം- മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട്> ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സം സമയ ബന്ധിതമായി തീര്‍ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തടസ്സമുള്ള പ്രദേശങ്ങളില്‍ പ്രത്യേക യോഗം വിളിച്ച് ചര്‍ച്ചചെയ്യും. ജൂണ്‍ പാതിയോടെ യോഗം വിളിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ആറുവരിപ്പാത പൂര്‍ത്തിയാക്കലാണ് ലക്ഷ്യം. കലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ മന്ത്രി പറഞ്ഞു. കോഴിക്കോട് ബൈപാസ് വികസന  പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്ത് പണി എത്രയും വേഗം തുടങ്ങാനുള്ള നടപടിയെടുക്കും.  അഴിയൂര്‍--വെങ്ങളം പാത നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുമുണ്ടാകും. മൈസൂരു--വയനാട്-- കോഴിക്കോട് പാതയും  മുന്‍ഗണന നല്‍കി നടപ്പാക്കും. വടകരക്കടുത്ത് പാലോളിപ്പാലത്തിന്റെ  പണിയും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇത്തരം കാര്യങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന്  ചര്‍ച്ചചെയ്യും. തീരദേശപാതക്കുള്ള തടസ്സങ്ങള്‍ പരിശോധിക്കും. വയനാട് തുരങ്കപാതയും പൂര്‍ത്തിയാക്കുന്നതാണ്. പരിസ്ഥിതി സൗഹൃദമായും  പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുമാകും പദ്ധതികള്‍ നടപ്പാക്കുക. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News