രൂപകൽപ്പന നയം സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്



തിരുവനന്തപുരം സംസ്ഥാന സർക്കാർ അംഗീകരിച്ച സമഗ്ര രൂപകൽപ്പന നയത്തിലൂടെ (ഡിസൈൻ പോളിസി) കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ കരുത്തുറ്റതാക്കാനാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെടിഐഎൽ) സംഘടിപ്പിച്ച ത്രിദിന രൂപകൽപ്പന നയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുഇടങ്ങൾ സുസ്ഥിരവും മനോഹരവും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിലൂടെ ടൂറിസം മേഖലയ്ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. കേരളത്തെ ആഗോള ഡിസൈൻ ഡെസ്റ്റിനേഷനാക്കി മാറ്റുക, രൂപകൽപ്പനയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ  വികസിപ്പിക്കുക എന്നിവയാണ് നയത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ആദ്യ പദ്ധതിയായി കൊല്ലം നഗരസഭയിൽ റെയിൽവേ മേൽപ്പാലത്തിന് കീഴിലുള്ള സ്ഥലം മോടിപിടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ മുൻ ഡീൻ പ്രൊഫ. കെ ടി രവീന്ദ്രൻ, അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡയറക്ടർ പ്രൊഫ. പ്രവീൺ നഹർ എന്നിവർ ശിൽപ്പശാലയിലെ നിർദേശങ്ങൾ പഠിച്ച ശേഷം സമഗ്രമായ അവലോകന റിപ്പോർട്ട് ടൂറിസം വകുപ്പിന് സമർപ്പിക്കും. കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ പി വിഷ്ണുരാജ്, കെടിഐഎൽ മാനേജിങ് ഡയറക്ടർ കെ മനോജ് കുമാർ  എന്നിവർ  സംസാരിച്ചു.   Read on deshabhimani.com

Related News