മുള ഉൽപ്പന്ന നിർമാണം ; സധൈര്യം നെയ്‌തെടുത്തത്‌ 
ജീവിതം



ആലപ്പുഴ ഹയർസെക്കൻഡറി വിഭാഗം മുള ഉൽപ്പന്ന നിർമാണത്തിൽ രണ്ടാം തവണയെത്തുന്ന പാലക്കാട്‌ അഗളി ജിഎച്ച്എസ്എസിലെ പി സി ദിവ്യയ്‌ക്ക്‌ ഓർമകളിപ്പോഴും 10 വർഷം പിറകോട്ടുപോവും. സ്കൂളിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ അമ്മയുടെ കണ്മുന്നിൽവച്ചാണ്‌ ദിവ്യയെ ബസിടിക്കുന്നത്‌. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അഞ്ചുവയസുകാരിയുടെ വലതുകാൽ മുട്ടിന്‌ താഴേക്ക് മുറിച്ചുമാറ്റേണ്ടിയും വന്നു. ബിആർസിയുടെ സഹായത്തോടെയായിരുന്നു തുടർപഠനം. അഞ്ചാം ക്ലാസിലേക്കാണ്‌ സ്‌കൂളിൽ മടങ്ങിയെത്തിയത്‌. മകൾ പിന്നിട്ട ജീവിതയാത്രയോർക്കുമ്പോൾ ചെമ്മണ്ണൂർ സ്വദേശി അച്ഛൻ ചന്ദ്രനും അമ്മ കുമാരിയ്‌ക്കും കണ്ണുനിറഞ്ഞു. മുള ഉൽപ്പന്ന നിർമാണം നടത്തി ഉപജീവനം നടത്തുന്ന പരമ്പരാഗതതൊഴിലാളികളായ മുത്തശ്ശൻ മുത്തുവും മുത്തശ്ശി വെള്ളച്ചിയും ഇതിനിടയിൽ സ്വാധീനിച്ചു. കഴിഞ്ഞവർഷം നാലാംസ്ഥാനവും എഗ്രേഡും നേടി. അധ്യാപികയാകാനാണ് ആഗ്രഹമെന്ന് പറഞ്ഞ് നിറചിരിയോടെ നാട്ടിലേക്ക്‌ മടങ്ങുന്ന ദിവ്യ ഇത്തവണ അഞ്ചാം സ്ഥാനവും എ ഗ്രേഡും നേടി. സധൈര്യം ഇനിയങ്ങോട്ട്‌ ജീവിതവും നെയ്യാനാവും എന്ന ആത്മവിശ്വാസത്തിലാണ്‌. Read on deshabhimani.com

Related News